കരുവാറ്റ കൊലപാതകം: പെൺകുട്ടിയെ കസ്റ്റഡിയിൽ വാങ്ങില്ല, ചോദ്യംചെയ്യും; 3 പേരുടെ തെളിവെടുപ്പ് പൂർത്തിയായി

ഹരിപ്പാട് (ആലപ്പുഴ): കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി നാലരപ്പവൻ കവർന്ന കേസിലെ കുറ്റാരോപിതയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്ന് പോലീസും പ്രോസിക്യൂഷനും തീരുമാനിച്ചു.
പകരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിൽ അഭിമുഖം (ചോദ്യംചെയ്യൽ) നടത്തിയാൽ മതിയെന്നാണു തീരുമാനം.
പെൺകുട്ടിയെ ചോദ്യംചെയ്യുന്നതിന് പ്രോസിക്യൂഷന്റെ അപേക്ഷ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിക്കും. കൊല്ലപ്പെട്ട വയോധികന്റെ ബന്ധുവായ പെൺകുട്ടിയുടെ പ്രേരണയിൽ കൊല്ലം പരവൂർ സ്വദേശികളായ മൂന്നു കൗമാരക്കാർ കൃത്യം നിർവഹിച്ചുവെന്നാണു കേസ്.
ഇവരെ മൂന്നുപേരെയും കൊലപാതകം നടന്ന വീട്ടിലും യാത്രചെയ്ത സ്ഥലങ്ങളിലും കുറ്റാരോപിതരുടെ വീട്ടിലും രഹസ്യമായെത്തിച്ച് തെളിവെടുത്തിരുന്നു. അവർ ഉപയോഗിച്ച കൈയുറകളും വീട്ടിൽനിന്ന് കവർന്ന സ്വർണവും ബോഡി സ്പ്രേ ഉൾപ്പെടെയുള്ള തൊണ്ടിമുതലും സംഭവസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങളുമെല്ലാം വീണ്ടെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട എല്ലാവിവരവും ശേഖരിക്കാൻ കഴിഞ്ഞെന്നാണ് അറിയുന്നത്. ഡിജിറ്റൽ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊലപാതകത്തിൽ നേരിട്ടു പങ്കാളിയാകാത്ത പെൺകുട്ടിയുമായി തെളിവെടുപ്പു വേണ്ടിവരില്ലെന്നാണ് നിയമവിദഗ്ധരുടെയും അഭിപ്രായം.
ഹൈക്കോടതിയുടെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ഉത്തരവനുസരിച്ച് ജില്ല പ്രൊബേഷണറി ഓഫീസറുടെയും ശിശുസംരക്ഷണ ഓഫീസറുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
ഓരോരുത്തരെ വീതമാണു കസ്റ്റഡിയിൽ വാങ്ങിയത്. അന്വേഷണോദ്യോഗസ്ഥർ യൂണിഫോം ഒഴിവാക്കി സാധാരണ വേഷത്തിലായിരുന്നു. പോലീസ് വാഹനം ഒഴിവാക്കി. മിക്ക സ്ഥലങ്ങളിലും കുറ്റാരോപിതരെ വാഹനത്തിൽത്തന്നെയിരുത്തിയാണ് നടപടി പൂർത്തിയാക്കിയത്.
പ്രായപൂർത്തിയാകാത്ത കുറ്റാരോപിതരെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിടാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുവദിക്കാറില്ല. കരുവാറ്റ കൊലപാതകം ആസൂത്രണംചെയ്തതും നടപ്പാക്കിയതുമായ രീതി പരിഗണിച്ചാണ് ചോദ്യംചെയ്യാനും തെളിവെടുക്കാനും ബോർഡ് അനുമതി നൽകിയത്.
കരുവാറ്റയിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (67) ഓഗസ്റ്റ് 15-നു രാത്രിയിലാണ് കൊല്ലപ്പെട്ടത്. 17-ന് രാത്രിയിൽ കുറ്റാരോപിതരായ നാലുപേരും പിടിയിലായി. കൗമാരക്കാരായ മൂന്നുപേർ കൊലപാതകം നടത്തുന്നത് എട്ടാം ക്ലാസുകാരി വീഡിയോകോളിലൂടെ കണ്ടിരുന്നു.