കരുവാറ്റ കൊലപാതകം; കൊലനടത്തിയത് 13-കാരിക്ക് ഐ ഫോണും സുഹൃത്തിന് ബൈക്കും വാങ്ങാനെന്ന് കുറ്റപത്രം,2 മാസത്തെ ആസൂത്രണം

#സ്വന്തം ലേഖകൻ
കൊലപാതകം നടന്ന വീട്, ഇന്‍സൈറ്റില്‍ കൊല്ലപ്പെട്ട ശിവന്‍കുട്ടി |ഫോട്ടോ:മാതൃഭൂമി
കൊലപാതകം നടന്ന വീട്, ഇന്‍സൈറ്റില്‍ കൊല്ലപ്പെട്ട ശിവന്‍കുട്ടി |ഫോട്ടോ:മാതൃഭൂമി

ഹരിപ്പാട്: കരുവാറ്റ കൊലപാതകക്കേസിൽ ജില്ല ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റാരോപിതയായ പതിമ്മൂന്നുകാരിക്ക് ഐ ഫോണും സുഹൃത്തിനു ബൈക്കും വാങ്ങാൻ പണം കണ്ടെത്താനായിരുന്നു കൊലപാതകമെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഓഗസ്റ്റ് 15-നു രാത്രിയാണ് കരുവാറ്റയിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ട്യാരെ (67) കൗമാരക്കാർ ചേർന്നു കൊലപ്പെടുത്തിയത്.

വീട്ടിൽനിന്ന് ഇവർ നാലര പ്പവൻ അപഹരിച്ചിരുന്നു. ഇതു വിൽക്കാനായിരുന്നു പദ്ധതിയെന്ന് ഹരിപ്പാട് സി.ഐ. ബി. വിനോദ് കുമാർ തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. 17-നാണ് സംഭവം പുറത്തറിയുന്നത്. അന്നുതന്നെ കുറ്റാരോപിതരെ പിടികൂടി. 89-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു.

കുറ്റപത്രത്തിലെ പട്ടികയിൽ ഒന്നും മൂന്നും കുറ്റാരോപിതർ 17 വയസ്സുകാരാണ്. രണ്ടാമത് 16 വയസ്സുകാരനും. നാലാമത് 13 വയസ്സുകാരിയാണ്. രാത്രിയിൽ വീട്ടിൽ കടന്നുകയറിയ കുറ്റാരോപിതർ ശരീരമാകെ തുണി ചുറ്റിക്കെട്ടി ശ്വാസം മുട്ടിച്ചും നെഞ്ചിൽ കയറിയിരുന്നുമാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. കൊലപാതകദൃശ്യം കൗമാരക്കാർ പെൺകുട്ടിയെ വാട്‌സാപ്പ് കോളിലൂടെ കാണിച്ചിരുന്നു.

രണ്ടു മാസത്തെ ആസൂത്രണം; ചാറ്റുകൾ ഇൻസ്റ്റഗ്രാം വഴി

കൊലപാതകത്തിന് രണ്ടുമാസത്തെ ആസൂത്രണമുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം വഴിയായിരുന്നു കുറ്റാരോപിതർ ബന്ധപ്പെട്ടിരുന്നത്. ഫോണുകളിൽനിന്നു ചാറ്റുകളെല്ലാം വീണ്ടെടുത്തിട്ടുണ്ട്. സ്ഥിരീകരണത്തിന് പോലീസ് 'മെറ്റ'യിൽനിന്നു വിവരം തേടിയിട്ടുണ്ട്. അനുബന്ധമായി ഇതിന്റെ റിപ്പോർട്ടും ജുവനൈൽ ജസ്റ്റിസ് ബോർഡിനു കൈമാറും.

കൊലപാതകം നടന്ന ദിവസം ശിവൻകുട്ടി ചെട്ട്യാരും ബന്ധുവായ പെൺകുട്ടിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അന്നു രാവിലെ പെൺകുട്ടി അലമാര കുത്തിത്തുറന്ന് സ്വർണമെടുക്കാൻ ശ്രമിച്ചിരുന്നു. ശിവൻകുട്ടി അതു കാണുകയും വഴക്കു പറയുകയും ചെയ്തു. ഇതാണ് അന്നുരാത്രി തന്നെ കൊലനടത്താൻ കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഒരു ദിവസം മാത്രം പ്രവർത്തിച്ച സിം കാർഡ്

കുറ്റാരോപിതരുടെ ഫോണുകളിൽനിന്നായി ആറു സിം കാർഡുകളാണ് പോലീസ് പിടിച്ചെടുത്തത്. അതിൽ ഒന്ന് കൊലപാതകം നടന്ന ദിവസം മാത്രമാണു പ്രവർത്തിച്ചത്. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് ഈ സിം കാർഡിന്റെ വിവരം ശേഖരിച്ചത്. കൃത്യമായ ആസൂത്രണത്തിലൂടെ കൊലപാതകം നടത്തിയതിനു തെളിവാണിതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

മൂന്നുപേരുടെ വിചാരണ സെഷൻസ് കോടതിയിലേക്കു മാറ്റാൻ സാധ്യത

കരുവാറ്റ കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ കേസ് വിചാരണാ നടപടിയിലേക്ക്. കുറ്റാരോപിതയായ പെൺകുട്ടിയുടെ വിചാരണ ജുവൈനൽ ജസ്റ്റിസ് ബോർഡിൽത്തന്നെയായിരിക്കും. 16 വയസ്സു പിന്നിട്ട കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളുടെ വിചാരണയാണ് ആദ്യം. ഇത് ജില്ല സെഷൻസ് കോടതിയിലേക്കു മാറ്റുന്നതു പരിഗണിക്കുമെന്നാണു വിവരം. പ്രോസിക്യൂഷൻ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്.

16-നും 18-നും ഇടയിൽ പ്രായമുള്ളവരെ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് പ്രായപൂർത്തിയായവരായി പരിഗണിച്ചായിരിക്കും വിചാരണ. പ്രോസിക്യൂഷന്റെയും എതിർഭാഗത്തിന്റെയും വാദങ്ങൾക്കു പുറമേ, കുറ്റകൃത്യത്തിന്റെ തീവ്രത, സ്വഭാവം, കുറ്റാരോപിതരുടെ സാമൂഹിക വിവരം, ഇവരുടെ മനോനില എന്നിവ പരിശോധിച്ച ശേഷമാണ് ജുവൈനൽ ജസ്റ്റിസ് ബോർഡ് വിചാരണാമാറ്റം പരിഗണിക്കുക. ജില്ലക്കോടതിയിലേക്കു കൈമാറിയാലും അവിടെ ഏറ്റെടുക്കുന്നതിനു മുൻപും സമാന പരിശോധന നടത്തും. 16-നു കുറ്റപത്രം പരിഗണിക്കും.

‍13 വയസ്സു മാത്രമുള്ളതിനാലാണ് പെൺകുട്ടിയുടെ വിചാരണ ജുവൈനൽ ജസ്റ്റിസ് ബോർഡിൽ നടത്തുക. അറസ്റ്റിലായി മൂന്നു മാസത്തോളമായിട്ടും പെൺകുട്ടിയെ ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. ജാമ്യം ലഭിച്ച കുട്ടിയിപ്പോൾ ജുവൈനൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിൽ അഭയകേന്ദ്രത്തിലാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ പഠനത്തിനടക്കം നടപടിയെടുത്തിരുന്നു. കുറ്റാരോപിതരായ മൂന്നു ആൺകുട്ടികളെ വീട്ടുകാർ ഏറ്റെടുത്തിരുന്നു.

ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്-രണ്ട് സിൻസി ജേക്കബ്ബും അംഗങ്ങളായ ഡോ. സജി മാത്യു, കെ.ആർ. ശ്രീലേഖ എന്നിവരും അടങ്ങുന്ന ബോർഡാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി എ.പി.പി. മനു കല്ലമ്പള്ളിയാണു ഹാജരാകുന്നത്.

Content Highlights: Chargesheet filed by police before the Juvenile Justice Board on the 89th day., Murder planned by minors to buy an iPhone and a bike., Four and a half sovereigns of gold stolen from the victim's house., Trial of three accused aged above 16 likely to be moved to the Sessions Court.