കരുനാഗപ്പള്ളിസന്തോഷ് വധം: മുഖ്യപ്രതി ആലുവയിൽ വാഹനപരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടു

കൊല്ലം: കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അതുല്‍ പോലീസിന്റെ കൺമുന്നില്‍നിന്ന് കടന്നുകളഞ്ഞു. ആലുവ എടത്തലയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. കാറില്‍ വന്ന പ്രതി പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം ഇയാള്‍ക്കൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. അവരെ കാറില്‍ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഇവരെ കസ്റ്റഡിയില്‍ എടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പങ്കജ്, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍.
സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍ സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതില്‍ ചവിട്ടിത്തുറന്നു. ആ മുറിയില്‍ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവര്‍ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. സന്തോഷിന്റെ കാല് ഇവര്‍ വലിയ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു. അതിനുശേഷമാണ് കൈക്കു വെട്ടിയത്.
സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ പോയ ഉടന്‍ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതില്‍ രക്തം വാര്‍ന്നു ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Content Highlights: karunagappally Santhosh murder; accused athul run away police during vehicle checking