മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം; കരമനയിൽ 55-കാരന്റെ മരണം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ 55 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കരമന പള്ളിത്താനം സ്വദേശിയായ ശ്രീകണ്ഠൻ നായരെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ രൂപക്കാണ് ശ്രീകണ്ഠൻ നായരുടെ മരണവിവരം അയൽവാസികളെയും പോലീസിനെയും അറിയിച്ചത്. തുടർന്ന് പോലീസെത്തുകയും ഇൻക്വസ്റ്റ് നടപടികൾ നടത്തുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒപ്പം താമസിച്ചിരുന്ന രൂപക്കിനെ കാണാനില്ലെന്ന് വ്യക്തമായത്. കരമന സി.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ. അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിലിൽ, നഗരത്തിലെ ശ്രീകണ്ഠേശ്വരം പാർക്കിന് സമീപത്തുനിന്നും രൂപക്കിനെ കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടർന്ന് വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

Content Highlights: 55-year-old Sreekandan Nair found dead inside his house in Karamana Pallithazham., Police investigation confirmed the death was a murder., Kazhakootam native Roopak arrested in connection with the crime., The murder resulted from a dispute over consuming alcohol.