കൂടത്തിൽ കൊലപാതകക്കേസ് ഒതുക്കാൻ രവീന്ദ്രൻ ചെലവിട്ടത് ഒന്നരക്കോടി;’ഒരു സ്ത്രീക്ക് 25 ലക്ഷംരൂപ കൊടുത്തു’,പോലീസുകാർക്കും നൽകി

#സ്വന്തം ലേഖകൻ
കൂടത്തിൽ ഉമാ മന്ദിരം, രവീന്ദ്രൻ നായർ | ഫോട്ടോ: മാതൃഭൂമി
കൂടത്തിൽ ഉമാ മന്ദിരം, രവീന്ദ്രൻ നായർ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: അന്വേഷണം തടയാനും സാക്ഷികളെ നിശബ്ദരാക്കാനും കരമന കൂടത്തിൽ കൊലപാതക കേസിലെ പ്രതി രവീന്ദ്രൻ നായർ ചെലവാക്കിയത് ഒന്നര കോടിയിലേറെ രൂപ. കൊലപാതകം നടന്ന് ഒൻപതര വർഷവും ബ്രെയിൻ മാപ്പിങ് ഫലം വന്ന് ഒരുവർഷവും കഴിഞ്ഞിട്ടും ഇയാളെ പിടികൂടാത്തതിന് പിന്നിൽ പണംകൊണ്ടുള്ള ‘രക്ഷാകവച’മായിരുന്നുവെന്നാണ് ആരോപണം.

കൊലപാതകത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കടക്കം രവീന്ദ്രൻ പണംകൊടുത്തു എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. കേസ് അട്ടിമറിക്കാൻ കള്ളസാക്ഷികൾക്കും ഉദ്യോഗസ്ഥർ മുതൽ രാഷ്ട്രീയക്കാർക്കുംവരെ പലപ്പോഴായി ഒന്നര കോടിയിലേറെ രൂപയാണ്‌ ഇയാൾ നൽകിയത്. കൂടത്തിൽ കുടുംബവുമായി ബന്ധമുള്ള ഒരു സ്ത്രീക്ക് കൊലയെക്കുറിച്ച് അറിവുണ്ടായിരുന്നു. ഇവർ വിവരങ്ങൾ പുറത്തുപറയാതിരിക്കാനായി രവീന്ദ്രൻ 25 ലക്ഷം രൂപ നൽകിയെന്നും ഇവർ ഈ പണം ഉപയോഗിച്ച് വീടും വസ്തുവും വാങ്ങിയെന്നും മറ്റൊരാൾക്ക് അഞ്ച് ലക്ഷം നൽകി എന്നും ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരി നേരത്തെ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചത് തന്റെ ഓട്ടോറിക്ഷയിലാണെന്ന് കള്ളമൊഴി നൽകാൻ അഞ്ച് ലക്ഷം രൂപ വാഗ്ദാനം നൽകിയെന്ന് സുമേഷ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറും മൊഴി നൽകിയിരുന്നു. ഇയാൾ മൊഴിമാറ്റി പറഞ്ഞതിനാൽ ഈ പണം നൽകിയില്ല. കൂടം തറവാട് വീടിന് സമീപത്തെ താമസക്കാരനാണ് ഓട്ടോറിക്ഷ ഡ്രൈവറായ സുമേഷ്. കേസിലെ രണ്ടാം പ്രതി അനിലിന്റെ കാറിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജയമാധവൻ നായരെ എത്തിച്ചതെന്ന് പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്തു.