ജയമാധവൻനായർ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ കൊലപാതകം; ഒമ്പത് വർഷം, ബ്രെയിൻ മാപ്പിങ്ങിൽ കുടുങ്ങി

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ രവീന്ദ്രൻ നായരെ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽനിന്നു പുറത്തേക്കു കൊണ്ടുവന്നപ്പോൾ, കൂടത്തിൽ തറവാട് (ഫയൽ ചിത്രം)
അറസ്റ്റിലായ രവീന്ദ്രൻ നായരെ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽനിന്നു പുറത്തേക്കു കൊണ്ടുവന്നപ്പോൾ, കൂടത്തിൽ തറവാട് (ഫയൽ ചിത്രം)

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടേതുൾപ്പെടെയുള്ള ദുരൂഹമരണങ്ങളിലെ മുഖ്യപ്രതി വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥനായിരുന്ന കരമന കാലടി കോവിൽവിളാകം വീട്ടിൽ രവീന്ദ്രൻ നായരെ (60)യാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ പലഘട്ടങ്ങളിൽ പോലീസ് അറസ്റ്റിന് സമീപമെത്തിയെങ്കിലും വിദഗ്ധമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ ബ്രെയിൻ മാപ്പിങ് പരിശോധനയുടെ ഫലത്തിൽ പ്രതിക്ക് കൊലപാതകങ്ങളിലുള്ള പങ്ക് വ്യക്തമായതോടെ ഇത്തവണ കുടുങ്ങുകയായിരുന്നു. രവീന്ദ്രൻ നായരുടെ ബന്ധുവായ അനിൽ, സജു എന്നിവർക്കും കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.

കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകൾക്ക് പിന്നാലെയാണ് കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങളെ സംബന്ധിച്ചും ആരോപണമുയർന്നത്. 15 വർഷത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ അവസാനം 2017-ൽ നടന്ന ജയമാധവൻനായരുടെ കൊലപാതകത്തിലാണ് ഇപ്പോൾ അറസ്റ്റ്.

കൂടത്തിൽ തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരാവകാശികളാകേണ്ട ഗോപിനാഥൻ നായരുടെയടക്കം ദുരൂഹ മരണങ്ങളാണ് സംശയമുയർത്തിയത്. ഇവർക്ക് അവകാശം ഉണ്ടായിരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനായ രവീന്ദ്രൻ നായരും ഇയാളുടെ ചില ബന്ധുക്കളും ചേർന്ന് കൈക്കലാക്കുകയായിരുന്നു. ഇതിൽ സംശയം പ്രകടിപ്പിച്ച് ഗോപിനാഥൻ നായരുടെ ബന്ധുവായ പ്രസന്നകുമാരിയടക്കം നൽകിയ പരാതികളിൽ നടത്തിയ അന്വേഷണത്തിൽ രവീന്ദ്രൻ നായരുടെ പക്കലുള്ള വിൽപ്പത്രം ഉൾപ്പെടെ വ്യാജമാണെന്ന് ആദ്യംതന്നെ കണ്ടെത്തിയിരുന്നു.

2017 ഏപ്രിൽ രണ്ടിന് രാവിലെ തറവാട്ടിലെത്തിയപ്പോൾ ജയമാധവൻ നായരെ ബോധംകെട്ടു കിടക്കുന്ന നിലയിൽ കണ്ടെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നും രവീന്ദ്രൻ നായർ മൊഴി നൽകിയിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ച കാറിൽ രക്തക്കറ കണ്ടെത്തി. അനിലിന്റേതായിരുന്നു കാർ. ഇത് ഓടിച്ചത് സജുവായിരുന്നു. ജയമാധവൻ നായർ കട്ടിലിൽനിന്ന് വീണപ്പോൾ തലയ്ക്കേറ്റ പരിക്കാകാം മരണ കാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലക്കേറ്റ പരിക്കും ശ്വാസംമുട്ടിക്കലും മരണകാരണമായെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഫൊറൻസിക് പരിശോധനയിലും മരണത്തിൽ അസ്വഭാവികത കണ്ടെത്തിയിരുന്നു. വ്യാജ വിൽപ്പത്രം ശ്രദ്ധയിൽപ്പെട്ടതോടെ രവീന്ദ്രൻ നായർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലേക്ക് പോലീസെത്തി. തുടർന്ന് ഫൊറൻസിക് തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി. ബ്രെയിൻ ഇലക്‌ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് പരിശോധനയും നടത്തി.

കൂടത്തിൽ ഉമാമന്ദിരം

അവിവാഹിതനായ ജയമാധവൻ നായർ വിവാഹം കഴിച്ചാൽ വ്യാജമായി തട്ടിയെടുത്ത കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് മറ്റ് അവകാശിയുണ്ടാകുമെന്ന ചിന്തയാണ് രവീന്ദ്രൻ നായരെ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കമ്മിഷണർ ഡോ.അരുൾ ആർ.ബി. കൃഷ്ണ, ഡി.സി.പി. ദീപക് ധൻഖർ, സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി. എം.ഐ.ഷാജി, എസ്.ഐ. ബിബിൻ പ്രകാശ്, എ.എസ്.ഐ. ജയകുമാർ, സീനിയർ സി.പി.ഒ. പ്രതാപൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

തെളിവുകൾ കിട്ടിയിട്ടും അറസ്റ്റ് ഒൻപതുവർഷം വൈകി

: കാലടി കൂടത്തിൽ വീട്ടിലെ ദുരൂഹമരണങ്ങളിൽ അവസാനത്തേത് തെളിയിക്കാൻ പോലീസിന് നിരവധി തെളിവുകൾ ലഭിച്ചിട്ടും പ്രധാന പ്രതിയെ പിടിക്കാൻ വേണ്ടിവന്നത് ഒൻപതുവർഷം. കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥനും കോടതി ജീവനക്കാരനുമായിരുന്ന രവീന്ദ്രൻനായരാണ് മുഖ്യപ്രതിയെന്ന് 2022-ൽ തന്നെ ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയതാണ്. എന്നാൽ, മുഖ്യപ്രതിയെ പിടികൂടാൻ നാലുവർഷംകൂടി വീണ്ടും കാത്തിരിക്കേണ്ടിവന്നു. കുടുംബത്തിലെ അവസാന അവകാശിയായിരുന്ന ജയമാധവൻനായരുടേത് കൊലപാതകമെന്ന് തെളിയിക്കാനായതാണ് രവീന്ദ്രൻനായരെ കുടുക്കിയത്. സ്വത്തിനുവേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയത്.

വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ കൊലപാതകം

കുടുംബത്തിലെ അവസാന അവകാശിയായിരുന്ന ജയമാധവൻനായർ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് കൊലപാതകം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള ജയമാധവൻനായരുടെ മരണത്തിന് മുൻപുതന്നെ പലരീതിയിൽ രവീന്ദ്രൻനായരും മറ്റ് ചില ബന്ധുക്കളും ചേർന്ന് സ്വത്ത് തട്ടിയെടുത്ത് വിൽക്കാൻ തുടങ്ങിയിരുന്നു. ജയമാധവൻ നായരെ ചതിച്ച് കോടതിയിൽ കേസുകൾ ഫയൽചെയ്തായിരുന്നു തട്ടിപ്പ്. ഒടുവിൽ ജയമാധവൻനായർ താമസിച്ചിരുന്ന കൂടത്തിൽ കുടുംബത്തിന്റെ ഉമാമന്ദിരം എന്ന വീടും 33 സെന്റും രവീന്ദ്രൻനായരുടെ പേരിലാക്കി. 100 കോടിയോളം വരുന്ന സ്വത്തുക്കളാണ് കുടുംബത്തിന് തമ്പാനൂർ, കാരക്കാമണ്ഡപം, കാലടി, കരമന തുടങ്ങിയ പ്രദേശങ്ങളിലുണ്ടായിരുന്നത്. ജയമാധവൻനായരുടെ പിതൃസഹോദരനായിരുന്ന ഗോപിനാഥൻ നായരുടെയും ഭാര്യയുടെയും മരണശേഷം രവീന്ദ്രൻനായരാണ് കൂടത്തിൽ വീട്ടിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.

അന്വേഷണത്തിന്റെ തുടക്കത്തിൽ വീഴ്ച

2017 ഏപ്രിൽ രണ്ടിന് അസ്വാഭാവിക സാഹചര്യത്തിൽ ജയമാധവൻ നായർ മരിച്ചിട്ടും കരമന പോലീസ് ഇതൊന്നും പരിശോധിച്ചില്ല. രവീന്ദ്രൻനായരുടെ ഇടപെടലുകളാണ് പോലീസിന്റെ അലംഭാവത്തിന് കാരണമെന്നും തുടക്കംമുതൽ പരാതിയുണ്ടായിരുന്നു. ജയമാധവൻ നായരുടെ ബന്ധു പ്രസന്നകുമാരിയുടെ പരാതിയിൽ ആറുമാസം കഴിഞ്ഞിട്ട് കേസെടുത്തെങ്കിലും സ്വത്ത് തട്ടിയെടുത്തതു മാത്രമാണ് ഉൾപ്പെടുത്തിയത്. ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. 2019-ൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് ദുരൂഹമരണങ്ങളെക്കുറിച്ചുള്ള അന്വഷണം തുടങ്ങുന്നത്. രവീന്ദ്രൻനായരുടെപേരിൽ 30 കോടിയോളം രൂപയുടെ വസ്തു വിൽപ്പത്രം നടത്തിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് തുടക്കത്തിലേ കണ്ടെത്തി.

തലയ്ക്കേറ്റ പരിക്കാണ് ജയമാധവൻനായരുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് ഇത് വീണുള്ള പരിക്കല്ലെന്ന് കണ്ടെത്തി. ഈ കണ്ടെത്തലാണ് കൊലപാതകസാധ്യതയിലേക്ക് എത്തിച്ചത്. സ്ഥലത്തുനിന്ന് രക്തക്കറപുരണ്ട തടിക്കഷണവും ഫൊറൻസിക് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ നിർണായകമായ വിവരങ്ങളും കണ്ടെത്തി. ജയമാധവൻനായരെ ആശുപത്രിയിൽ കൊണ്ടുപോയി എന്ന രവീന്ദ്രൻ നായർ അവകാശപ്പെട്ട വാഹനമല്ല ഉപയോഗിച്ചതെന്ന് കണ്ടെത്തി. വീട്ടുവേലക്കാരി ലീലയുടെയും മറ്റൊരു കാര്യസ്ഥനായിരുന്ന സഹദേവന്റെയും മൊഴികളിലെ വൈരുധ്യം തുടങ്ങിയവയെല്ലാം രവീന്ദ്രൻ നായർക്കെതിരേയുള്ള ശക്തമായ തെളിവുകളായിരുന്നു. കോടികളുടെ വിൽപ്പത്രങ്ങൾ സ്വന്തംപേരിൽ രവീന്ദ്രൻനായർ തയ്യാറാക്കിയതിലും ക്രമക്കേട് കണ്ടെത്തി. പക്ഷേ, ശക്തമായ രാഷ്ട്രീയ സ്വാധീനവും കോടതി ജീവനക്കാരൻ എന്നനിലയിലുള്ള നിയമപരിജ്ഞാനവും രവീന്ദ്രൻനായർ അറസ്റ്റിനെ നീട്ടിക്കൊണ്ടുപോകാൻ ഉപയോഗപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥൻമാർ മാറി മാറി വന്നതും കേസിന്റെ തുടർച്ചയെ ബാധിച്ചു.

[object Object]

ഒടുവിൽ കുടുക്കിയത് ബ്രെയിൻ മാപ്പിങ്

പോലീസിന്റെ ചോദ്യംചെയ്യലിലൊന്നും കുറ്റം സമ്മതിക്കാത്ത രവീന്ദ്രൻ നായർ ഒടുവിൽ വീണത് പോലീസിന്റെ ബ്രെയിൻ മാപ്പിങ് പരിശോധനയിലാണ്. ചോദ്യംചെയ്യാനെന്നപേരിൽ സിറ്റി പോലീസ് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി ബ്രെയിൻ മാപ്പിങ് പരിശോധനയുടെ ഫലം ചൂണ്ടിക്കാട്ടിയതോടെയാണ് രവീന്ദ്രൻനായർ കുറ്റം സമ്മതിച്ചത്. ജയമാധവൻനായർ 2016-ൽ തനിക്ക് സ്വത്തുക്കൾ എഴുതി തന്നതാണെന്നും കുടുംബത്തിലെ എല്ലാ ചെലവും താനാണ് വഹിച്ചിരുന്നതെന്നുമാണ് അവസാനംവരെ രവീന്ദ്രൻനായർ പറഞ്ഞിരുന്നത്.

കൂടത്തിൽ തറവാട്ടിലെ തുടർക്കഥയായ മരണങ്ങൾ

: ഒരു കുടുംബത്തിലെ ഏഴുപേരാണ് ദുരൂഹ സാഹചര്യങ്ങളിലായി കരമന കാലടി കൂടത്തിൽ ഉമാമന്ദിരത്തിൽ മരിച്ചത്. അവസാനം മരിച്ചത് ജയമാധവൻ നായരാണ്. കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളിൽ അവസാനത്തേതാണ് കൊലപാതകമെന്നു കണ്ടെത്തിയത്. കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർ അറസ്റ്റിലാകുന്നത് ഒൻപതുവർഷത്തിനു ശേഷമാണ്.

ദുരൂഹതകളുടെ തുടക്കം

1991 മുതൽ 2017 വരെയുള്ള കാലയളവിലാണ് കൂടത്തിൽ തറവാട്ടിലെ ഏഴുപേർ വിവിധ സമയങ്ങളിലായി മരിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ് എന്നിവർക്കുപുറമേ ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടെയും മക്കളായ ജയമാധവൻ നായരും ഉണ്ണികൃഷ്ണൻ നായരുമാണ് മരിച്ചത്. എന്നാൽ ജയമാധവൻ നായരുടെ മരണമാണ് നിർണായകമായത്. ജയപ്രകാശിന്റെയും ജയശ്രീയുടെയും മരണങ്ങളും അസ്വാഭാവികമായിരുന്നു. ജയപ്രകാശ് രക്തം ഛർദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല.

2017 ഏപ്രിൽ രണ്ട്: ജയമാധവന്റെ മരണം

2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടിളപ്പടിയിൽ തട്ടിവീണ് തലയ്ക്കു പരിക്കേറ്റതിനെത്തുടർന്നാണ് മരണമെന്നായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായർ ആദ്യം മൊഴിനൽകിയത്. മരണകാരണം തലയ്‌ക്കേറ്റ പരിക്കാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ജയമാധവന്റെ ശരീരത്തിൽ മുറിവുകൾ എങ്ങനെയുണ്ടായി എന്നറിയാൻ നടത്തിയ ഫൊറൻസിക് പരിശോധനയാണ് നിർണായകമായത്. ജയമാധവനെ ആശുപത്രിയിലെത്തിച്ചതുമായി ബന്ധപ്പെട്ട മൊഴികളിലും വൈരുധ്യമുണ്ടായിരുന്നു.

ജയമാധവൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയയെന്നുപറഞ്ഞ ഓട്ടോറിക്ഷക്കാരൻ സുമേഷ് പണംവാങ്ങിയാണ് മൊഴിനൽകിയതെന്ന് പോലീസിനോടു സമ്മതിച്ചു. അഞ്ചുലക്ഷം രൂപ രവീന്ദ്രൻ നായർ നൽകിയെന്നാണ് ഓട്ടോഡ്രൈവർ അന്വേഷണസംഘത്തോടു പറഞ്ഞത്. രവീന്ദ്രൻ നായർ മുൻകാര്യസ്ഥനായിരുന്ന സഹദേവനും ജോലിക്കാരി ലീല അടക്കമുള്ളവർക്കും പണം നൽകിയതായി തുടരന്വേഷണത്തിൽ പോലീസ് കണ്ടെത്തി. വീടിനു പിന്നിൽനിന്നു കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷണവും അന്വേഷണത്തിൽ നിർണായകമായി.

2017: അസ്വാഭാവിക മരണത്തിൽനിന്നു സ്വത്തുതട്ടിപ്പ് കേസിലേക്ക്

ജയമാധവന്റെ മരണത്തിനുപിന്നാലെ 100 കോടിയോളം വിലമതിക്കുന്ന കുടുംബത്തിന്റെ സ്വത്തുക്കൾ കാര്യസ്ഥൻ രവീന്ദ്രൻനായരും അകന്ന ചില ബന്ധുക്കളും ചേർന്ന് പങ്കിട്ടതും ദുരൂഹത വർധിപ്പിച്ചു. സ്വത്ത് കൈമാറിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നു. 2017 ഒക്ടോബർ 17-ന് കരമന പോലീസ് 12 പേരെ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. മാനസികരോഗിയായിരുന്ന ജയമാധവൻനായരെ കബളിപ്പിച്ച് സ്വത്തു തട്ടിയെടുത്തുയെന്നായിരുന്നു കേസ്. കാര്യസ്ഥൻ രവീന്ദ്രൻ നായർ, മകൻ അനിൽകുമാർ, സഹായിയായിരുന്ന സഹദേവൻ എന്നിവരടക്കമുള്ളവരുടെ പങ്കാണ് അന്വേഷണപരിധിയിലുണ്ടായിരുന്നത്. കുടുംബത്തിന്റെ സ്വത്തുക്കൾ വ്യാജ വിൽപ്പത്രത്തിന്റെ സഹായത്തോടെ കൈവശപ്പെടുത്തിയെന്നായിരുന്നു പ്രധാന ആരോപണം. ജയമാധവൻ നായരുടെ പേരിലുള്ള വിൽപ്പത്രത്തിലെ ഒപ്പുകളും രേഖകളും പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു.

2019: ക്രൈംബ്രാഞ്ച് അന്വേഷണം

കുടുംബാംഗങ്ങളും സമീപവാസികളും പരാതികളുമായി രംഗത്തെത്തിയതിനെത്തുടർന്ന് കേസ് 2019-ൽ ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. വേലുപ്പിള്ളയുടെ മകനായ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനിൽകുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. തുടർച്ചയായ മരണങ്ങളുടെ സാഹചര്യവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി. ജയപ്രകാശിന്റെയും ജയമാധവന്റെയും മരണങ്ങളിൽ പ്രത്യേക പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചു.

ജയമാധവൻ നായരുടെ പേരിലുള്ള വിൽപ്പത്രം കേസിലെ മറ്റൊരു പ്രധാന വിഷയമായി. 2016 ഫെബ്രുവരി 15-ന് തയ്യാറാക്കിയതായി പറയുന്ന വിൽപ്പത്രം വ്യാജമാണെന്നും അതുവഴി വീടും ഭൂമിയും കൈവശപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒപ്പുകളുടെയും രേഖകളുടെയും ശാസ്ത്രീയ പരിശോധനയ്ക്കായി വിൽപ്പത്രം അന്വേഷണസംഘത്തിനു കൈമാറാൻ 2021 ഓഗസ്റ്റിൽ കോടതി ഉത്തരവിട്ടു.

2021 ഫെബ്രുവരി: നിർണായകമായ ഫൊറൻസിക് കണ്ടെത്തൽ

ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത് ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. തലയ്‌ക്കേറ്റ പരിക്കുമായി ബന്ധപ്പെട്ട പരിശോധനകളിൽനിന്നു ലഭിച്ച കണ്ടെത്തലുകളെത്തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. ഇതോടെ വർഷങ്ങളായി അസ്വാഭാവിക മരണമായി അന്വേഷിച്ചിരുന്ന കേസ് പുതിയ വഴിത്തിരിവിലെത്തി.

Content Highlights: Karamana Koodathil family former manager Raveendran Nair arrested after 9 years for the murder of Jayamadhavan Nair., Seven mysterious deaths occurred in the family over 15 years, involving properties worth nearly 100 crores., Brain mapping test results proved crucial in breaking the suspect's alibi and securing a confession., Fake wills and property fraud were the primary motives behind the calculated murders.