ചുവരിൽ തലയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; നിലവിളിച്ചപ്പോൾ തലയിണ തിരുകി

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ രവീന്ദ്രൻ നായരെ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽനിന്നു പുറത്തേക്കു കൊണ്ടുവന്നപ്പോൾ, കൂടത്തിൽ തറവാട് (ഫയൽ ചിത്രം)
അറസ്റ്റിലായ രവീന്ദ്രൻ നായരെ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽനിന്നു പുറത്തേക്കു കൊണ്ടുവന്നപ്പോൾ, കൂടത്തിൽ തറവാട് (ഫയൽ ചിത്രം)

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരെ പ്രതി രവീന്ദ്രൻ നായർ തല ചുവരിലിടിപ്പിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന കണ്ടെത്തലിൽ ക്രൈംബ്രാഞ്ച്. ജയമാധവൻ നായർ ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി തലയിണകൊണ്ട് ഇയാളുടെ വായും മൂക്കും പൊത്തിപ്പിടിച്ചു. അങ്ങനെ ശ്വാസംമുട്ടിയാണ് ഇയാൾ മരിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥനായിരുന്നു രവീന്ദ്രൻ നായരെ(60) ഒൻപതുവർഷങ്ങൾക്കുശേഷം ചൊവ്വാഴ്ചയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

ബ്രെയിൻ മാപ്പിങ്ങിലൂടെയായിരുന്നു ഒടുവിൽ ഇയാളെ പോലീസ് കുടുക്കിയത്. 2017 ഏപ്രിലിലാണ് അവിവാഹിതനായ ജയമാധവൻ നായർ മരിച്ചത്. വിശാലമായ വളപ്പിനുള്ളിലെ പഴയ കെട്ടിടത്തിൽ ഇയാൾ ഒറ്റയ്ക്കു കഴിയുകയായിരുന്നു. വീട്ടിൽവെച്ച് കട്ടിലിൽനിന്ന് താഴെ വീണ് പരിക്കേൽക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച രവീന്ദ്രൻ നായർ മൊഴി നൽകിയിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്.

ജയമാധവൻ നായരുടെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. കൂടാതെ ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായി. കട്ടിലിൽനിന്നു തറയിൽ വീണപ്പോഴല്ല തലയിൽ പരിക്കേറ്റതെന്ന്‌ ആദ്യപരിശോധനയിൽ വ്യക്തമാവുകയും ചെയ്തു.

ആശുപത്രിയിൽ കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ സുമേഷ്, കള്ളമൊഴി നൽകാൻ രവീന്ദ്രൻ നായർ പ്രേരിപ്പിച്ചതാണെന്നു പിന്നീടു പോലീസിനോടു സമ്മതിച്ചു. രക്തക്കറ പുരണ്ട തടിക്കഷണവും കട്ടിലിലെ രക്തക്കറയുമാക്കെ പിന്നീട് വീണ്ടെടുക്കാനായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ സഹായിച്ചു.

Content Highlights: Crime Branch arrested Ravindran Nair after nine years in the Karamana Koodathil case