ഡിസ്ച്ചാർജ് വേണമെന്ന് ആവശ്യം; ഗർഭിണിയുടെ ഭർത്താവ് കണ്ണൂർ മെഡി. കോളേജിലെ ലേബർ റൂം അടിച്ചുതകർത്തു

#ന്യൂസ് ഡെസ്ക്
റാഷിദ്
റാഷിദ്

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ ഭർത്താവ് ആസ്പത്രിയിൽ പരാക്രമം നടത്തി. ഭാര്യയെ ഡിസ്ച്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാത്തതിൽ പ്രകോപിതനായി ഇയാൾ മെഡിക്കൽ കോളേജിലെ ലേബർറൂം അടിച്ചുതകർത്തു. പ്രതിയെ മെഡിക്കൽ കോളേജ് പോലീസും ആസ്പത്രി സുരക്ഷാജീവനക്കാരും ചേർന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ സയ്യിദ് മുഹമ്മദിന്റെ മകൻ റാഷിദ് (24)ആണ് അക്രമം നടത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാൾ ബഹളം വെക്കുകയായിരുന്നു.

നഴ്സിങ് ഓഫീസറെ ചീത്ത വിളിക്കുകയും ലേബർ റൂമിലെ വാതിലുകളും ഫർണിച്ചറും അടിച്ചുതകർത്ത് ആസ്പത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. 15,000 രൂപയുടെ നഷ്ടമുണ്ടായി. നഴ്സിങ് ഓഫീസർ കരിവെള്ളൂർ വടക്കുമ്പാട്ടെ സനിലയുടെ പരാതിയിൽ കേസെടുത്ത പോലീസ് റാഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ വേറെ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: A man, denied discharge for his wife at Kannur Govt. Medical College, vandalized the labour room. He was apprehended by police and hospital staff. Read more about the incident.