കുറ്റിപ്പുറത്ത് വൻ മയക്കുമരുന്നുവേട്ട; അഞ്ച് ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിൽ

തിരൂർ: കുറ്റിപ്പുറം തവനൂരിൽ വൻ മയക്കുമരുന്നുവേട്ട. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽനിന്നെത്തിച്ച 100 ഗ്രാമോളം എം.ഡി.എം.എ.യുമായി രണ്ട് തവനൂർ സ്വദേശികളെ പോലീസ് പിടികൂടി. വിപണിയിൽ അഞ്ചുലക്ഷത്തോളം വിലവരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി തവനൂർ സ്വദേശികളായ രണ്ടുപേരാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെയും തിരൂർ ഡി.വൈ.എസ്.പി. എ.എം. സിദ്ധിഖിന്റെയും നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീമും കുറ്റിപ്പുറം പോലീസും ചേർന്ന് പിടികൂടിയത്.
നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരിലും പരിസരങ്ങളിലും വിൽപ്പന നടത്താനായി ബെംഗളൂരുവിൽനിന്നെത്തിച്ചതാണ് എം.ഡി.എം.എ. എന്നാണ് പ്രതികൾ പറഞ്ഞത്. തവനൂർ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്കുസമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരെയാണ് ആഴ്ചകളോളം നിരീക്ഷിച്ചതിനുശേഷം പിടികൂടിയത്. ഇവരിൽനിന്ന് പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്നവരെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും ഉപയോഗിക്കുന്നവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
തവനൂർ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ധിഖ്, തിരൂർ ഡാൻസാഫ് ടീമിലെ എ.എസ്.ഐ. രാജേഷ് സി.വി., എസ്.സി.പി.ഒ. ഉദയകുമാർ, സി.പി.ഒ.മാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ, വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത്, കുറ്റിപ്പുറം എസ്.ഐ., എ.എസ്.ഐ. സജുകുമാർ, എസ്.സി.പി.ഒ.മാരായ ഡെന്നിസ്, നിഷാദ്, വിനീത് തുടങ്ങിയവരാണ് പ്രതികളെ കിലോമീറ്ററുകൾ പിന്തുടർന്ന് പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് കാറിൽ പ്രതികൾ എം.ഡി.എം.എ. തവനൂരിലെത്തിച്ചത്. ബെംഗളൂരുവിൽനിന്ന് മയക്കുമരുന്ന് നാട്ടിലെത്തിക്കാൻ സഹായിച്ചവരെയും സാമ്പത്തികസഹായം ചെയ്തവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചുവരികയാണെന്നും തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ധിക്ക് അറിയിച്ചു.