ശ്രീരാജും കൂട്ടാളികളും മുൻപും യുവതികളെ ചതിയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സൂചന; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

#ന്യൂസ് ഡെസ്ക്
ശ്രീരാജ്, ജിത് മാർട്ടിൻ
ശ്രീരാജ്, ജിത് മാർട്ടിൻ

കളമശ്ശേരി: കൂട്ടബലാത്സംഗക്കേസിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. അമ്മു എന്നറിയപ്പെടുന്ന ശരണ്യ അടക്കമുള്ളവർ തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് യുവതിയുടെ മൊഴി. തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രനാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴിയെടുത്തത്.

ശ്രീരാജും ജിത് മാർട്ടിനും ആദ്യദിവസം ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയതായാണ് യുവതിയുടെ മൊഴി. പിറ്റേദിവസം ശരണ്യയും യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. രാത്രി ശരണ്യയെ വിശ്വസിച്ചാണ് യൂബർ ടാക്സിയിൽ ലോഡ്ജിൽ പോയതെന്നാണ് യുവതിയുടെ മൊഴി എന്നറിയുന്നു.

ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നീ പ്രതികളുമായി സ്പായിൽ പോയി പോലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ ജോലികൊടുക്കാമെന്ന് പറഞ്ഞായിരുന്നു പീഡിപ്പിച്ചത്. എവിടെനിന്നാണ് മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

കളമശ്ശേരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ലഹരി നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ഗുണ്ടാബന്ധങ്ങളെക്കുറിച്ചും ലഹരിമരുന്ന് ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

മുഖ്യപ്രതി ശ്രീരാജ് കൂടുതൽ യുവതികളെ പലപ്പോഴായി സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിന് വിളിച്ചിരുന്നുവെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ഇതിൽ 15-ഓളം യുവതികളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതികൾക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടോ എന്നും അന്വേഷിക്കും. പരാതികൾ ലഭിച്ചാൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു.

വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കളമശ്ശേരിയിൽ ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായ യുവതിക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. യുവതിയെ മെഡിക്കൽ കോളേജിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു സതീദേവി. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

യുവതിയിൽനിന്നും ചികിത്സിക്കുന്ന ഡോക്ടർമാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. യുവതിക്ക് ആവശ്യമായ നിയമസഹായം, സൈക്കോളജിക്കൽ പിന്തുണ, ഹൈക്കോടതിയുടെ വിക്ടിം റൈറ്റ്സ് സെന്റർ വഴിയുള്ള സഹായങ്ങൾ എന്നിവ ലഭ്യമാക്കാൻ വനിതാ കമ്മിഷൻ അടിയന്തര നടപടികൾ സ്വീകരിക്കും. കേസിന്റെ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും ലഭ്യമാക്കാൻ കളമശ്ശേരി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.

Content Highlights: Police recorded the victim's statement in the Kalamassery gang rape case at the medical college., The victim accused Sharanya, Sreeraj, and Jith Martin of brutal sexual assault after promising a spa job., Police conducted evidence collection with the accused and are investigating drug and alcohol sources., Kerala Women's Commission registered a suo motu case and promised comprehensive legal and psychological support.