സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി തർക്കം; കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളി

കൊച്ചി: കളമശ്ശേരിയിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി സംഘർഷം. കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളിയും മർദനവും ഉണ്ടായി. കണ്ടക്ടർ യാത്രക്കാരിയെ മർദിച്ചു. പിന്നാലെ യാത്രക്കാരിയുടെ ബന്ധുക്കൾ എത്തി കണ്ടക്ടറെ മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ആലുവ-എറണാകുളം റൂട്ടിലോടുന്ന ബസിലാണ് സംഭവം. കഴിഞ്ഞ ആഴ്ച ഒരു സ്ത്രീ ബസിൽ കയറിയിരുന്നു. സ്റ്റോപ്പിൽ നിർത്താത്തതിനെച്ചൊല്ലി ഈ സ്ത്രീയും കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായിരുന്നു. സമാനമായി കഴിഞ്ഞ ദിവസവും ഈ സ്ത്രീ ബസിൽ കയറി. നേരത്തെ ബസ് സ്റ്റോപ്പിൽ നിർത്താതെ പോയതിനെച്ചൊല്ലി സംസാരമുണ്ടായി. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും സ്ത്രീ കണ്ടക്ടറെ അടിക്കുകയുമായിരുന്നു. ഇതോടെ കുപിതനായ കണ്ടക്ടർ സ്ത്രീയെ തുരുതുരാ അടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ വൈകിട്ട് അഞ്ചു മണിയോടെ ബസ് കണ്ടക്ടറായ സലീമിനെ മർദനത്തിനിരയായ സ്ത്രീയുടെ ബന്ധുക്കളെത്തി മർദിക്കുകയായിരുന്നു. പതിനാറംഗ സംഘം ബസ് തടഞ്ഞു നിർത്തി കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി മാരകായുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്. അക്രമിച്ചവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Content Highlights: Conflict originated from a bus stop dispute on the Aluva-Ernakulam route., Physical altercation occurred between a female passenger and the bus conductor., A group of 16 individuals later assaulted the conductor with weapons., Police have registered a case and taken suspects into custody.