ഹോസ്റ്റലിൽനിന്ന് വിളിച്ചിറക്കി യുവതിയെ ഭർത്താവ് തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ

കാക്കനാട്: ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ പുറത്തേക്ക് വിളിച്ചിറക്കി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശിനി ജയശ്രീ (42)യെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവും പത്തനംതിട്ട സ്വദേശിയുമായ അനിൽകുമാറിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഒൻപതോടെ എൻ.ജി.ഒ. ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം. ഹോസ്റ്റലിൽ താമസിച്ചിരുന്ന ജയശ്രീയെ പുറത്തേക്ക് വിളിച്ചിറക്കിയ അനിൽകുമാർ കൈയിൽ കരുതിയിരുന്ന കന്നാസിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജയശ്രീയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി തീയണയ്ക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തീ കൊളുത്തുന്നതിനിടയിൽ അനിൽകുമാറിന്റെ കൈക്കും പൊള്ളലേറ്റു. ജയശ്രീ അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണെന്ന് പോലീസ് പറഞ്ഞു. ഇവർക്കിടയിലുള്ള തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.
കാക്കനാട് സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് വിഭാഗം താത്കാലിക ജീവനക്കാരനാണ് അനിൽകുമാർ. ഇതേ ആശുപത്രിയിൽ ജോലി മേടിച്ചു തരാമെന്ന് പറഞ്ഞാണ് ജയശ്രീയെ ഹോസ്റ്റലിൽ താമസിപ്പിച്ചതെന്ന് താമസക്കാർ പറഞ്ഞു. സംഭവസ്ഥലത്തും ഹോസ്റ്റലിലും പോലീസ് പരിശോധന നടത്തി. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.
Content Highlights: A 42-year-old woman, Jayasree, was set on fire by her husband Anilkumar outside a Kakkanad hostel., The incident occurred on Tuesday night near Ambadimoola, NGO Quarters., Jayasree sustained severe burns and is receiving treatment at a private hospital., Thrikkakara police arrested the accused, who also sustained minor burns., Initial investigation points to personal disputes between the couple as the motive.