വഴിവിട്ട ബന്ധം..... ഒടുവിൽ അരുംകൊല; കൊന്നത് കൃത്യമായ പദ്ധതിയോടെ,നിര്‍ണായകമായത് രണ്ടാം പ്രതിയുടെ അമ്മയുടെ മൊഴി

പ്രബീഷും രജനിയും
പ്രബീഷും രജനിയും

കുട്ടനാട്: കൈനകരിയിലെ കൊലപാതകക്കേസിൽ തിങ്കളാഴ്ച കോടതി വിധിപറഞ്ഞപ്പോൾ നാലുവർഷം മുൻപുനടന്ന സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. വഴിവിട്ട ബന്ധമാണ് അനിതയുടെ അരുംകൊലയിൽ കലാശിച്ചത്. കായംകുളത്തെ ഫാമിൽ ജോലിചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി ബന്ധം വളർന്നപ്പോൾ ഭർത്താവും രണ്ടു മക്കളുമടങ്ങിയ കുടുംബമുപേക്ഷിച്ച് പ്രബീഷിനൊപ്പം അനിത നാടുവിട്ടു. രണ്ടുവർഷത്തോളം കോഴിക്കോടും തൃശ്ശൂരും പാലക്കാട്ടും ഇരുവരും വിവാഹംകഴിക്കാതെ ഒന്നിച്ചു താമസിച്ചു. ആലത്തൂരിലുള്ള ഒരു കൃഷിഫാമിലാണ് അനിത അവസാനമായി ജോലിചെയ്തിരുന്നത്. ഇതിനിടെ അനിത ഗർഭിണിയായി.

അനിതയുമായി ഒന്നിച്ചുകഴിയുമ്പോൾത്തന്നെ പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലർത്തിയിരുന്നു. നേരത്തേ മറ്റൊരാളുമായി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനിയും കുടുംബമുപേക്ഷിച്ചാണ് പ്രബീഷുമായി അടുത്തത്. അനിത ഗർഭിണിയായതോടെ പ്രബീഷ് തന്നെ വിവാഹംകഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേർന്ന് അനിതയുടെ ഗർഭം അലസിപ്പിക്കാനും ഒഴിവാക്കാനുമുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അനിത വിവാഹമെന്ന ആവശ്യത്തിൽത്തന്നെ ഉറച്ചുനിന്നു. രജനിയുമായി ബന്ധംപുലർത്തുന്നതിനു വിരോധമില്ല, പക്ഷേ, തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അനിതയുടെ ആവശ്യം.

കൊന്നത് കൃത്യമായ പദ്ധതിയോടെ

ഇതോടെ രജനിയും പ്രബീഷും ചേർന്ന് അനിതയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് ആലത്തൂരിൽനിന്ന് രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് അനിതയെ വിളിച്ചുവരുത്തി. ആലപ്പുഴയിൽവന്ന അനിതയെ പ്രബീഷ് ബൈക്കിൽ കൈനകരിയിലേക്കു കൂട്ടിക്കൊണ്ടുവന്നു. മൂവരുംചേർന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ഇതിനിടെ അനിതയെ പ്രബീഷും രജനിയും ചേർന്ന് ശ്വാസം മുട്ടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു.

ഇതോടെ അനിത അബോധാവസ്ഥയിലായി. മരിച്ചെന്നു കരുതി ഇരുവരും ചേർന്ന് അനിതയെ ആറ്റിൽ തള്ളാൻ തീരുമാനിച്ചു. തുഴച്ചിൽ വശമില്ലാത്ത പ്രബീഷ് അനിതയെ വള്ളത്തിൽ കയറ്റിയപ്പോഴേക്കും വള്ളം മറിഞ്ഞു. തുടർന്ന് അനിതയെ അവിടെത്തന്നെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കുപോയി. ബോധരഹിതയായ അനിത വെള്ളം ഉള്ളിൽച്ചെന്നു മരിച്ചു.

നിര്‍ണായകമായത് രണ്ടാം പ്രതിയുടെ അമ്മയുടെ മൊഴി

ആലപ്പുഴ : ഗർഭിണിയായ കൈനകരി അനിത വധക്കേസിൽ വഴിത്തിരിവായത് കേസിലെ രണ്ടാം പ്രതി രജനിയുടെ അമ്മ മീനാക്ഷിയുടെ മൊഴി. സത്യം തെളിയാൻവേണ്ടി കേസിലെ ഏക ദൃക്‌സാക്ഷിയായ ഈ എഴുപതുകാരി പ്രതി സ്വന്തം മകളാണെന്ന പരിഗണനപോലും നൽകിയില്ല. 2021 ജൂലായ് മാസം 9-ാം തീയതി രാത്രി അനിതയ്ക്കു നേരേ ഒന്നാംപ്രതി പ്രബീഷും രണ്ടാം പ്രതി രജനിയും ആക്രമണം നടത്തിയപ്പോൾ പതിശ്ശേരി വീട്ടിൽ മീനാക്ഷിയും ഉണ്ടായിരുന്നു. വിവസ്ത്രയായി ബോധരഹിതയായി അനിത കിടന്നതു കണ്ടതായി മീനാക്ഷി മജിസ്‌ട്രേറ്റിനു മൊഴിനൽകിയിരുന്നു. ഇക്കാര്യം മീനാക്ഷി സെഷൻസ് കോടതിയിലും ആവർത്തിച്ചത് കേസിൽ നിർണായക തെളിവായി.

കൈനകരിക്കാർ സത്യത്തിനൊപ്പം

: കൊല്ലപ്പെട്ട അനിതയുടെ വീട് പുന്നപ്രയിലാണ്. എങ്കിലും അനിതയ കൊന്നവർക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാൻ കൈനകരിക്കാർ ഒറ്റക്കെട്ടായി പ്രോസിക്യൂഷനൊപ്പം നിന്നു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകമായ കേസിൽ കൈനകരിക്കാരുടെ മൊഴി പ്രോസിക്യൂഷനു ഗുണംചെയ്തു. അനിതയെ കൈനകരിയിലെ തോട്ടുവാത്തല വീട്ടിൽ അവസാനമായി കണ്ടവരെല്ലാം കോടതിയിൽ തെളിവു നൽകി. രണ്ടാം പ്രതി രജനിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് ഇത്തരത്തിൽ മൊഴി നൽകിയത്. അനിതയെ ആറ്റിൽക്കൊണ്ടു കളയാൻ ഉപയോഗിച്ച ഫൈബർ വള്ളത്തിലും വള്ളം കെട്ടിയിട്ടിരുന്ന ജെട്ടിയിലും കണ്ടെത്തിയ ചോരപ്പാടുകളും മറ്റു തൊണ്ടിവസ്തുക്കളും തെളിവാക്കാൻ കൈനകരിക്കാർ സാക്ഷികളായി എത്തിയിരുന്നു.

വിധിയിൽ സംതൃപ്തനായി അനിതയുടെ അച്ഛൻ

: വധശിക്ഷവിധിയിൽ സംതൃപ്തനാണെന്ന് അനിതയുടെ അച്ഛൻ പുന്നപ്ര തെക്കേമഠം വീട്ടിൽ ശശിധരൻ പറഞ്ഞു. വിധി കേൾക്കാൻ ശശിധരൻ കോടതിയിൽ എത്തിയിരുന്നു. അനിതയുടെ രണ്ടു മക്കൾ ശശിധരനൊപ്പമാണ്. കോടതിവിധിച്ച രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം ഇവർക്കു നൽകാനാണ് വിധിയിൽ പറയുന്നത്. ശശിധരനൊപ്പം മറ്റു ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു.

പഴുതടച്ച് അന്വേഷണം

: പ്രതികൾക്ക്‌ രക്ഷപ്പെടാൻ അവസരമൊരുക്കാതെ പഴുതടച്ച അന്വേഷണം നടത്തിയ ഇൻസ്പെക്ടർ എ.വി ബിജുവിനെ വിധിന്യായത്തിൽ സെഷൻസ്‌ ജഡ്ജി എം. ഷുഹൈബ് അഭിനന്ദിക്കുന്നുണ്ട്. കേസന്വേഷണത്തിൽ വലിയ പ്രയത്നം ബിജു എടുത്തതായി കോടതി നിരീക്ഷിച്ചു. 

Content Highlights: Shocking Kainakary murder case verdict! A love triangle, pregnancy, and a planned murder