മുൻ ജഡ്ജിക്കും രക്ഷയില്ല; 90-കാരൻ ഡിജിറ്റൽ അറസ്റ്റിലായത് 15 ദിവസം; 2.5 കോടി രൂപ തട്ടിയെടുത്തു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | PHOTO: CANVA
പ്രതീകാത്മക ചിത്രം | PHOTO: CANVA

ജയ്പുർ: സിബിഐ ഉദ്യോഗസ്ഥരായും ആർബിഐ മാനേജരായും ചമഞ്ഞ്, 15 ദിവസത്തോളം 'ഡിജിറ്റൽ അറസ്റ്റിൽ' പാർപ്പിച്ച് 90-കാരനായ മുൻ ജില്ലാ ജഡ്ജിയിൽനിന്നും സൈബർ തട്ടിപ്പുകാർ കൈവശപ്പെടുത്തിയത് 2.50 കോടി രൂപ. ഇരയായ ഗൺപത് സിങ് ഭണ്ഡാരി തന്റെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) അക്കൗണ്ടിൽ നിന്ന് പണം കൈമാറുന്നത് ഒരു എസ്ബിഐ മാനേജരുടെ ജാഗ്രത കാരണം തടയാനായതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.

ഭണ്ഡാരിയുടെ അനന്തരവൻ രവീന്ദ്ര സിങ് മോഹ്നോട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകുന്നേരം ജയ്പുരിലെ ജ്യോതി നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

എഫ്‌ഐആറിലെ വിവരങ്ങൾ അനുസരിച്ച്; ജൂലൈ 28-നാണ് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഭണ്ഡാരിക്ക് വാട്‌സ്ആപ്പിൽ വീഡിയോ കോൾ വന്നത്. പോലീസ് യൂണിഫോം ധരിച്ച് വിളിച്ചയാൾ, താൻ മുംബൈയിൽ നിന്നുള്ള സിബിഐ ഓഫീസർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഭണ്ഡാരിയോട് സംസാരിച്ചത്.

'50 കോടി രൂപയുടെ ഹവാല ഇടപാട് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 40 ലക്ഷം രൂപ നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. നിങ്ങളെ ഞങ്ങൾ അറസ്റ്റ് ചെയ്യാൻ പോവുകയാണ്! ഈ വിവരം കുടുംബത്തിലുള്ള ആരോടും പറയരുത്!' - എന്നായിരുന്നു അയാളുടെ സന്ദേശം.

പിന്നീട്, മറ്റൊരു വ്യക്തി വാട്‌സാപ്പിൽ ഭണ്ഡാരിയെ ബന്ധപ്പെടുകയും താൻ ആർബിഐ മാനേജർ ആണെന്ന് അവകാശപ്പെടുകയും ചെയ്തു. 'ഹവാല ഇടപാടുമായി ബന്ധപ്പെട്ട പണം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. നിങ്ങളുടെ സാമ്പത്തിക നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ എനിക്ക് വേണം.' - എന്നായിരുന്നു അയാളുടെ സന്ദേശം.

ഭയത്തിനും സമ്മർദ്ദത്തിനും വഴങ്ങി ഭണ്ഡാരി തന്റെ മ്യൂച്വൽ ഫണ്ടുകളുടെയും മറ്റ് സാമ്പത്തിക രേഖകളുടെയും വിശദാംശങ്ങൾ വിളിച്ചവരുമായി പങ്കുവെച്ചു. തുടർന്ന്, അന്വേഷണത്തിന് സഹായിക്കാനെന്ന വ്യാജേന വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പുകാർ അദ്ദേഹത്തോട് നിർദ്ദേശിച്ചു.

പരാതി പ്രകാരം, ഓഗസ്റ്റ് മൂന്നിനും 10-നും ഇടയിൽ ഗാന്ധിനഗറിലെ തന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 2,50,51,000 രൂപ ഭണ്ഡാരി വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറി. ഓരോ സംഭാഷണത്തിന് ശേഷവും വാട്‌സ്ആപ്പ് ചാറ്റുകൾ, കോൾ ലോഗുകൾ, മറ്റ് സന്ദേശങ്ങൾ എന്നിവ ഇല്ലാതാക്കാൻ പ്രതികൾ ഭണ്ഡാരിക്ക് നിർദ്ദേശം നൽകിയിരുന്നു.

ഈ നിർദ്ദേശങ്ങൾ തട്ടിപ്പിനെക്കുറിച്ച് ഇരയുടെ കുടുംബം അറിയാതിരിക്കാൻ സഹായിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് ഭണ്ഡാരിയുടെ പിപിഎഫ് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യണമെന്നായി തട്ടിപ്പുകാരുടെ ആവശ്യം. ഇതിനായി ബുധനാഴ്ച അദ്ദേഹം എസ്ബിഐയുടെ ജോഹരി ബസാർ ബ്രാഞ്ചിനെ സമീപിച്ചു.

ഭണ്ഡാരിയുടെ ഭയവും അങ്കലാപ്പും കണ്ട് സംശയം തോന്നിയ ബാങ്ക് മാനേജർ ഇടപാട് തടയുകയും വയോധികനോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു. അദ്ദേഹം ഒരു വലിയ സൈബർ തട്ടിപ്പിന് ഇരയായിരിക്കുകയാണ് എന്ന് ബാങ്ക് മാനേജർ ഭണ്ഡാരിയെ പറഞ്ഞ് മനസിലാക്കി. എന്തുചെയ്യണമെന്ന് അറിയാതെ ഭണ്ഡാരി ഉടൻ തന്നെ തന്റെ അനന്തരവനെ ബന്ധപ്പെട്ടു.

തുടർന്നാണ് രവീന്ദ്ര സിങ് ജ്യോതി നഗർ പോലീസുമായി ബന്ധപ്പെടുകയും, പിന്നാലെ സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെയും വിവരസാങ്കേതികവിദ്യാ നിയമത്തിലെയും വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുള്ളതായും പോലീസ് അറിയിച്ചു.

Content Highlights: A 90-year-old former district judge in Jaipur was conned out of Rs 2.5 crore. Fraudsters posed as CBI and RBI officials and kept him under 'digital arrest' for 15 days. The scam was uncovered when an alert SBI bank manager stopped a suspicious PPF transfer. Police registered a case under the BNS and IT Act, and an investigation is underway.