ഇസ്രയേൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന ഗുണ്ടാസംഘം പിടിയിൽ; അറസ്റ്റിലായത് ആറുപേർ

സാദിഖ്, റഹൂഫ്, അര്‍ഷാദ്, അബ്ദുല്‍ മജീദ്, മുജീബ്, ഷമീം
സാദിഖ്, റഹൂഫ്, അര്‍ഷാദ്, അബ്ദുല്‍ മജീദ്, മുജീബ്, ഷമീം

പരപ്പനങ്ങാടി: ഇസ്രയേലിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും വെള്ളി ആഭരണങ്ങളും കവർന്ന കേസിൽ പ്രമുഖ ക്വട്ടേഷൻ-ഗുണ്ടാസംഘത്തിലെ ആറുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിലായി നിരവധി കേസുകളിൽ പ്രതികളായ സംഘത്തെയാണ് പോലീസ് പിടികൂടിയത്.

ചെട്ടിപ്പടി സ്വദേശി കാരാച്ചിന്റെ പുരക്കൽ മുഹമ്മദ് സാദിഖ് (27), അരിയല്ലൂർ സ്വദേശികളായ കുന്നത്തു ഹൗസിൽ അഹമ്മദ് റഹൂഫ് (27), പൗരകത്തു ഹൗസിൽ അർഷാദ് (26), വടക്കേപുറത്ത് മുജീബ് (29), പൊന്നാനി അഴീക്കൽ സ്വദേശികളായ കോയലിന്റെ പുരക്കൽ അബ്ദുൽ മജീദ് (26), ഏഴുകടത്തിൽ ഷമീം (33) എന്നിവരാണ് പിടിയിലായത്.

പാലക്കാട്, കാസർകോട്, മംഗലാപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലുള്ള ആളുകളോട് ഇസ്രയേൽ വിസയ്ക്കായി ഒരാൾക്ക് 6.5 ലക്ഷം രൂപ വീതം വേണമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുസംഘം തുക ആവശ്യപ്പെട്ടത്. ആകെ 65 ലക്ഷത്തോളം രൂപ കവർച്ച ചെയ്യാൻ പദ്ധതിയിട്ട സംഘം പരാതിക്കാരെ ഗുരുവായൂർ, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലേക്ക് വരുത്തിക്കുകയായിരുന്നു.

തുടർന്ന് ലൊക്കേഷനുകൾ മാറി മാറി പറഞ്ഞ് ഒടുവിൽ അരിയല്ലൂർ ബീച്ചിലേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ ഒക്ടോബർ 25-ന് വൈകുന്നേരം ആറിനും പത്തിനുമിടയിലായിരുന്നു സംഭവം. വിസ വാങ്ങാനെത്തിയവരെ 15-ഓളം വരുന്ന ഗുണ്ടാസംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി ക്രൂരമായി മർദിച്ച് കൈവശമുണ്ടായിരുന്ന പണവും വെള്ളിമാലയും മോതിരവും കവരുകയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുക ക്യു ആർ കോഡ് വഴി മാറ്റിച്ചെടുക്കുകയും ചെയ്തു.

ഏകദേശം 80,000 രൂപയോളം ഇത്തരത്തിൽ സംഘം കവർച്ച ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടിയശേഷം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി. സുനിൽ പുളിക്കൽ, തിരൂരങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപ് കുമാർ, പരപ്പനങ്ങാടി സബ് ഇൻസ്‌പെക്ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചു.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും ശാസ്ത്രീയമായി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് അരിയല്ലൂർ, പൊന്നാനി ഭാഗങ്ങളിൽനിന്ന് ഇവരെ പോലീസ് വലയിലാക്കി.

അറസ്റ്റിലായ പ്രതികൾ പരപ്പനങ്ങാടി, കോഴിക്കോട്, തൃശ്ശൂർ, പൊന്നാനി, തിരൂർ, കുന്നംകുളം തുടങ്ങിയ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ നിരവധി കവർച്ച, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രതികളിൽ ഒരാളായ ഷമീം 20-ഓളം കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാടുകടത്തപ്പെട്ട് കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ ആളുമാണ്.

സാദിഖ്, മജീദ്, മുജീബ്, റൗഫ് എന്നിവർക്കെതിരെയും മുൻപ് കാപ്പ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരപ്പനങ്ങാടി എ.എസ്.ഐ.മാരായ സലേഷ്, സുബൈർ, മഹേഷ്, സുഭാഷ്, അജീഷ്, അർജുൻ, പ്രജോഷ്, നന്ദകുമാർ എന്നിവരും താനൂർ, തിരൂർ ഡാൻസാഫ് ടീം അംഗങ്ങളും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പരപ്പനങ്ങാടി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Content Highlights: A group of six individuals from a notorious gang was arrested by Parappanangadi police for defrauding people by promising Israeli visas and stealing money and silver ornaments. The gang deceived victims from various districts, demanding 6.5 lakh rupees per visa, and ultimately robbed them of approximately 80,000 rupees through threats and violence. A special investigation team, led by district police officials, used CCTV footage and mobile tower data to identify and apprehend the suspects, who have a history of involvement in multiple criminal cases.