‘സമ്മതമില്ലാതെ ചുംബിച്ചു’, യുവതിക്കെതിരേ ആരോപണവുമായി ആത്മഹത്യാക്കുറിപ്പ്, IPSട്രെയിനി ഗുരുതരാവസ്ഥയിൽ

ഉദയ് റെഡ്ഡി
ഉദയ് റെഡ്ഡി

ഹൈദരാബാദ്: സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷണർ ഉദയ് കൃഷ്ണ റെഡ്ഡിയെ ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപ്രവർത്തകയായ മറ്റൊരു ട്രെയിനി ഓഫീസർ പീഡന ആരോപണം ഉന്നയിച്ചതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യാശ്രമം.

ഞായറാഴ്ച വൈകുന്നേരം നഗരത്തിലെ സുഹൃത്തിന്റെ വീട്ടിൽവെച്ച് ഉദയ് കൃഷ്ണ റെഡ്ഡി വിഷം കഴിച്ചതായാണ് വിവരം. ഒരു കുപ്പി വിഷം കഴിച്ചതായി വിവരമുണ്ടെങ്കിലും ആത്മഹത്യാശ്രമമാണോയെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്.

ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ സഹപ്രവർത്തകയായ മറ്റൊരു വനിതാ ഐപിഎസ് പ്രൊബേഷണർ നൽകിയ പരാതിക്ക് പിന്നാലെയാണ് സംഭവം. പിന്തുടരുക, ആക്രമിക്കുക, ക്രിമിനൽ സ്വഭാവത്തോടെ ഭീഷണിപ്പെടുത്തുക, സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിക്കുക തുടങ്ങിയ ആരോപണങ്ങളായിരുന്നു റെഡ്ഡിക്കെതിരേയുള്ള പരാതിയിൽ ഉന്നയിച്ചിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുത്തു.

അതേസമയം സംഭവത്തിന് പിന്നാലെ കണ്ടെത്തിയ രണ്ട് പേജുള്ള കുറിപ്പിൽ ഉദയ് കൃഷ്ണ റെഡ്ഡി തനിക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധിക്കുന്നുണ്ട്. പരാതിക്കാരിയുമായി 2025 ജൂൺ മുതൽ പരസ്പര സമ്മതത്തോടെയുള്ള പ്രണയബന്ധത്തിലായിരുന്നുവെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. പരാതിക്കാരിയായ യുവതിയുടെ വിവാഹത്തിന് ശേഷവും പരസ്പരം ശാരീരികവും വൈകാരികവുമായ ബന്ധം തുടർന്നിരുന്നു. പലതവണ അവർ തന്റെ മുറിയിലെത്തുകയും ശാരീരിക ബന്ധത്തിന് മുൻകൈയെടുക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു.

2026 ജൂലൈ 9ന് തീവ്രമായ ലൈംഗികാഗ്രഹാം തോന്നുന്നുവെന്ന് പറഞ്ഞാണ് അവർ തന്റെ മുറിയിലെത്തിയതെന്നും, തന്റെ സമ്മതമില്ലാതെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തതായും ഉദയ് കൃഷ്ണ റെഡ്ഡി കുറിപ്പിൽ എഴുതിയിട്ടുണ്ട്. യുവതിയുമായുള്ള ചില കൂടിക്കാഴ്ചകൾ തെളിവിനായി റെക്കോർഡ് ചെയ്തിരുന്നു. പിന്നീട് അതിൽനിന്നുള്ള ഒരു വീഡിയോ പരാതിക്കാരിയുടെ ഭർത്താവിന് അയച്ചുനൽകി. ഇതിന് പിന്നാലെയാണ് പരാതിക്കാരി സംഭവങ്ങളെ വളച്ചൊടിച്ച് തനിക്കെതിരെ പീഡനപരാതി നൽകിയത് എന്നാണ് റെഡ്ഡി കുറിപ്പിൽ ആരോപിക്കുന്നത്.

അതേസമയം, ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുക, ബലമായി ഫോൺ പരിശോധിക്കുക, പലതവണ ശാരീരികമായി ആക്രമിക്കുക, സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുക തുടങ്ങിയ ആരോപണങ്ങളാണ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ വനിത പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപണമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷണത്തിലാണെന്നും, അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും പൊലീസ് അറിയിച്ചു.

Content Highlights: IPS probationer Uday Krishna Reddy hospitalized following a suicide attempt., The officer faced harassment and criminal intimidation allegations from a female colleague., Reddy denies allegations, claiming a consensual relationship since June 2025., Police investigating claims of unauthorized recording and harassment under BNS and IT Act., Official inquiry into the incident is currently underway.