കൊടി സുനിയും മറ്റും പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

#സജീവൻ പൊയ്ത്തുംകടവ്
കൊടി സുനി | ഫോട്ടോ: മാതൃഭൂമി
കൊടി സുനി | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിക്കുന്നത് തത്കാലം നിർത്തിവെക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ന്യൂമാഹിയിലെ ഇരട്ടക്കൊലക്കേസിൽ കുറ്റമുക്തരാക്കിയ ഇവർ പരോളിൽ ഇറങ്ങിയാൽ‌ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് നിർദേശം.

ന്യൂമാഹിയിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരായിരുന്ന ഈസ്റ്റ് പള്ളൂരിലെ മടോമ്മൽക്കണ്ടി വിജിത്ത്, കുറുന്തോടത്ത് ഷിനോജ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നിവരടക്കം 16 പ്രതികളെ വെറുതേവിട്ടിരുന്നു.

നേരത്തേ ആസാദി കാ അമൃത് മഹോത്സവത്തിന്റ ഭാഗമായി പ്രത്യേക ശിക്ഷായിളവ് നൽകേണ്ട തടവുകാരുടെ പട്ടികയിൽ ടി.പി. വധക്കേസ് പ്രതികളെയും ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് തയ്യാറാക്കിയ മോചിപ്പിക്കേണ്ടവരുടെ സാധ്യതാപട്ടികയിലാണ് ടി.പി. കേസ് പ്രതികളും ഉൾപ്പെട്ടത്.

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തയ്യാറാക്കിയ പട്ടികയിൽ അനർഹരായ പ്രതികളുടെ പേരുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് തേടിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. സമാനമായ നീക്കം കഴിഞ്ഞ ദിവസവുമുണ്ടായി. പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാപ്രശ്നമുണ്ടാകുമോയെന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മോധാവി കത്തയച്ചിരുന്നു. വിട്ടയക്കലോ പരോളോ എന്ന് വ്യക്തമാക്കാതെയാണ് കത്ത് നൽകിയത്. എന്നാൽ വിവരശേഖരണത്തിനുള്ള സാധാരണ കത്തെന്നാണ് ജയിൽവകുപ്പിന്റെ വിശദീകരണം. കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

പരോളിൽ ഇറങ്ങി നിരന്തരം കുറ്റക്യത്യം

ടി.പി. കേസിൽ പരോളിൽ ഇറങ്ങിയവർ നിരന്തരം കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നതായി രഹസ്യാന്വേഷണവിഭാഗം വിവരം നൽകിയിട്ടും പരിഗണിക്കാതെ ജയിൽവകുപ്പ്. വ്യവസ്ഥകൾ ലംഘിച്ചതോടെയാണ് സുനിയുടെ അവസാന പരോൾ റദ്ദാക്കിയത്. ജൂലായ് 17-ന് വിചാരണയ്ക്കായി തലശ്ശേരി കോടതിയൽ കൊണ്ടുപോയി വരുമ്പോൾ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ കോടതി പരിസരത്തെ ഹോട്ടലിന് സമീപം മദ്യപിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ജൂലായ് 23-ന് പരോളിൽ പോയ കൊടി സുനിയെ സംഭവം പുറത്തറിഞ്ഞതോടെ പരോൾ റദ്ദാക്കി ജയിലിയടച്ചു. തുടർന്ന് തവന്നൂർ ജയിലിലേക്ക് മാറ്റി. ടി.പി. വധക്കേസിലെ പ്രതികൾ മയക്കുമരുന്നും മൊബൈൽഫോണും ഉപയോഗിക്കുന്നതായും അടിയന്തര നടപടിയെടുക്കണമെന്നും കാണിച്ച് സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജയിലിൽ ലഹരി ഉത്പന്നങ്ങൾ കൈമാറ്റം ചെയ്യുന്നതായും രഹസ്യവിവരമുണ്ട്.

Content Highlights: Intelligence report recommends halting parole for Kodiyeri Suni, Muhammed Rafi, and Shinoj in the TP Chandrasekharan murder case due to potential attack risks. Decision comes amid upcoming elections.