രാജ്യത്ത്‌ സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികവിഭാഗങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൂടി

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും  പട്ടികവിഭാഗങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023-ലെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 2022-നെ അപേക്ഷിച്ച് 0.7 ശതമാനം വര്‍ധനയുണ്ട്. 2023-ല്‍ 4.48 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഇതില്‍ 30 ശതാനത്തോളം കേസുകളും ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ അതിക്രമങ്ങളുടെ പേരിലാണ്. 15 ശതമാനത്തോളം പോക്‌സോ കേസുമുണ്ട്.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 9.2 ശതമാനം വര്‍ധനയുണ്ട്. 2023-ല്‍ 1.77 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 45 ശതമാനം കേസ് തട്ടിക്കൊണ്ടുപോകലിനും 38.2 ശതമാനം കേസ് പോക്‌സോ വകുപ്പിലുമാണ്.

തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കൂടി. ഇതില്‍ ഇരകളാകുന്നത് ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളോ സ്ത്രീകളോ ആണ്.

പട്ടികവര്‍ഗവിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ 2022-നെ അപേക്ഷിച്ച് 28.8 ശതമാനം വര്‍ധനയുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 0.4 ശതമാനം കൂടി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 2022-നെക്കാള്‍ 31.2 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 69 ശതമാനം കേസും തട്ടിപ്പുലക്ഷ്യത്തിലുള്ളതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കൊലപാതകക്കേസുകള്‍ കുറയുകയാണ്. 2022-നെ അപേക്ഷിച്ച് 2.8 ശതമാനം കേസുകള്‍ കുറഞ്ഞു. 2023-ല്‍ ആകെ 27,721 കൊലക്കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ത്തന്നെ തര്‍ക്കങ്ങളുടെ പേരിലായിരുന്നു കൂടുതല്‍ കൊലപാതകങ്ങളും.

2023-ല്‍ 10,786 കര്‍ഷകര്‍ ആത്മഹത്യചെയ്തു. അതില്‍ 38.5 ശതമാനം പേര്‍ മഹാരാഷ്ട്രയില്‍നിന്നും 22.5 ശതമാനം കര്‍ണാടകയില്‍നിന്നുമുള്ളവരാണ്. ജീവനൊടുക്കിയ 14,234 തൊഴില്‍രഹിതരില്‍ 2191 പേര്‍ കേരളത്തിലുള്ളവരാണ്. ആകെ 1.71 ലക്ഷം പേരാണ് 2023-ല്‍ ജീവനൊടുക്കിയത്.

കേരളത്തിൽ അഴിമതിക്കേസുകൾ വർധിച്ചു

കേരളത്തിൽ അഴിമതിക്കേസുകൾ വർധിച്ചെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2023-ലെ റിപ്പോർട്ട്. മുൻ രണ്ടു വർഷങ്ങളെക്കാൾ കേസുകൾ 2023-ൽ രജിസ്റ്റർചെയ്‌തു. ദേശീയതലത്തിൽ അഴിമതിക്കേസുകൾ 2023-ൽ കുറഞ്ഞപ്പോഴാണിത്. 2021-ൽ കേരളത്തിൽ 122 അഴിമതിക്കേസ് റിപ്പോർട്ട് ചെയ്തു.

2022-ൽ 178, 2023-ൽ 211 എന്നിങ്ങനെ കേസുകൾ കൂടി. 2023-ൽ അഴിമതിക്കേസുകൾ കൂടുതൽ മഹാരാഷ്ട്രയിലാണ്‌ (812). കർണാടകയിൽ 362 കേസും രാജസ്ഥാനിൽ 316 കേസും തമിഴ്‌നാട്ടിൽ 302 കേസുമുണ്ട്. കുറ്റപത്രം തയ്യാറാക്കുന്നതിൽ മുന്നിലുള്ളത് കേരളമാണെന്നും 2023-ലെ റിപ്പോർട്ട് പറയുന്നു. ഐപിസി കുറ്റകൃത്യങ്ങളിൽ 95.6 ശതമാനമാണ് കേരളത്തിലെ കുറ്റപത്രനിരക്ക്.

Content Highlights: NCRB 2023 report highlights surge in crimes against women & children, with domestic violence and POCSO cases rising. SC/ST crimes also up. Cybercrimes surge.