കുക്കർകൊണ്ട് തലയ്ക്കടിച്ചു; വീട്ടുടമയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ദമ്പതിമാർ; നിർണായകമായത് ജോലിക്കാരിയുടെ ഇടപെടൽ

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട ദീപ്ശിഖ, അറസ്റ്റിലായ ദമ്പതിമാര്‍ | Photo Courtesy: NDTV
കൊല്ലപ്പെട്ട ദീപ്ശിഖ, അറസ്റ്റിലായ ദമ്പതിമാര്‍ | Photo Courtesy: NDTV

ന്യൂഡല്‍ഹി: വാടകകുടിശ്ശിക ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ വീട്ടുടമയായ അധ്യാപികയെ ദമ്പതിമാര്‍ കൊലപ്പെടുത്തി. ഗാസിയാബാദിലെ രാജ്‌നഗര്‍ എക്സ്റ്റന്‍ഷനിലെ 'ഓറ ചിമേര' റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ താമസിക്കുന്ന ദീപ്ശിഖ ശര്‍മ(48)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അജയ് ഗുപ്ത, ഭാര്യ ആകൃതി ഗുപ്ത എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തു.

റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ദീപ്ശിഖയ്ക്കും ഭര്‍ത്താവിനും രണ്ട് ഫ്‌ളാറ്റുകളുണ്ട്. ഇതിലൊന്നില്‍ ദീപ്ശിഖയും കുടുംബവും താമസിക്കുകയാണ്. രണ്ടാമത്തെ ഫ്‌ളാറ്റാണ് ഇവര്‍ ദമ്പതിമാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ നാലുമാസമായി ദമ്പതിമാര്‍ വാടക നല്‍കിയിരുന്നില്ല. ഇതേക്കുറിച്ച് ചോദിക്കാനായി ഫ്‌ളാറ്റിലെത്തിയപ്പോഴാണ് ദീപ്ശിഖയെ ദമ്പതിമാര്‍ കൊലപ്പെടുത്തിയത്.

വാടകയെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ പ്രതികള്‍ പ്രഷര്‍ കുക്കര്‍ കൊണ്ട് അധ്യാപികയുടെ തലയ്ക്കടിക്കുകയായിരുന്നു. ദുപ്പട്ട കൊണ്ട് കഴുത്തുഞെരിച്ച് മരണം ഉറപ്പാക്കി. മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ പ്രതികള്‍ ഇതുമായി പുറത്തേക്ക് പോകുന്നതിനിടെ ദീപ്ശിഖയുടെ വീട്ടുജോലിക്കാരി ഇവരെ ശ്രദ്ധിച്ചു. തുടര്‍ന്ന് ഇവര്‍ ദമ്പതിമാരെ തടഞ്ഞുവെച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞതെന്നും പോലീസ് പറഞ്ഞു.

വാടക ചോദിക്കാന്‍ പോയ അധ്യാപിക ഏറെനേരം കഴിഞ്ഞിട്ടും തിരികെവരാത്തതിനാല്‍ ഇവരുടെ വീട്ടുജോലിക്കാരിയായ മീന അന്വേഷണം ആരംഭിച്ചിരുന്നു. ദമ്പതിമാരുടെ ഫ്‌ളാറ്റിലെത്തി അധ്യാപികയെ തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. സംശയം തോന്നിയ വീട്ടുജോലിക്കാരി കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് അധ്യാപിക ദമ്പതിമാരുടെ ഫ്‌ളാറ്റിലേക്ക് പോയതായി ഉറപ്പിച്ചത്. ഇവിടെനിന്ന് തിരികെവന്നിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അതിനിടെ, പ്രതികളായ ദമ്പതിമാര്‍ വലിയ സ്യൂട്ട്‌കേസുമായി ഫ്‌ളാറ്റില്‍നിന്ന് പുറത്തേക്ക് പോകുന്നത് വീട്ടുജോലിക്കാരി ശ്രദ്ധിച്ചു. തുടര്‍ന്ന് ഇവര്‍ ഓട്ടോയില്‍ കയറി പോകാനൊരുങ്ങവരെ വീട്ടുജോലിക്കാരി ഇരുവരെയും തടഞ്ഞുവെച്ചു. അധ്യാപികയെ കണ്ടെത്തുന്നത് വരെ രണ്ടുപേരും പുറത്തുപോകരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പ്രതികള്‍ ഫ്‌ളാറ്റിലേക്ക് മടങ്ങി. തുടര്‍ന്ന് പോലീസെത്തി പ്രതികളെ ചോദ്യംചെയ്തതോടെയാണ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കിയെന്ന് ഇരുവരും വെളിപ്പെടുത്തിയത്.

Content Highlights: A Ghaziabad teacher was brutally murdered by tenants over unpaid rent. The couple was arrested after the victim`s house help alerted the police. Read the shocking details.