കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

#മാതൃഭൂമി ന്യൂസ്‌
കൊല്ലപ്പെട്ട സക്കീര്‍ ഹുസൈന്‍, പിടിയിലായ പ്രതി ഇര്‍ഷാദ്‌ | Photo: special arrangement
കൊല്ലപ്പെട്ട സക്കീര്‍ ഹുസൈന്‍, പിടിയിലായ പ്രതി ഇര്‍ഷാദ്‌ | Photo: special arrangement

കൊല്ലം: കുരിയോട് പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരൻ ഉടമയെ കുത്തിക്കൊന്നു. ഹോട്ടൽ സ്‌പൈസി ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈൻ (52) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഹോട്ടൽ ജീവനക്കാരൻ മംഗലപുരം ബെൽത്തങ്കടിയിൽ, പേരിമെന്താടി ഹൗസിൻ ഇർഷാദ് (32) നെ പിന്നീട് തിരുവനന്തപുരം മണ്ണന്തലയിൽ പോലീസ് പിടികൂടി.

കൂലി സംബന്ധമായ തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയമാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം നാട്ടിൽ അത്യാവശ്യമായി പോകണമെന്ന് മറ്റൊരു ജീവനക്കാരനെ വിശ്വസിപ്പിച്ച് ബസ് സ്റ്റാൻഡിലെത്തിയ ഇർഷാദ് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് മണ്ണന്തലയിൽ വെച്ച് പോലീസിന്റെ പിടിയിലാകുന്നത്.

തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കുറച്ചു നാളുകളായി ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. പാഴ്‌സലുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജീവനക്കാരന്റെ ബന്ധുകൂടിയായ ഇർഷാദിനെ താത്ക്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ചത്. മുമ്പ് ഈ ഹോട്ടലിൽ ഇയാൾ ജോലി ചെയ്തിരുന്നെങ്കിലും സ്വഭാവ ദൂഷ്യത്തെ തുടർന്ന് പിരിച്ചുവിട്ടിരുന്നതായി പറയുന്നു.

ജോലിക്ക് കയറിയ ശേഷവും ഇയാൾ ജോലിക്ക് സ്ഥിരമായി വരാത്തതിനെ തുടർന്നു റൂമിൽ അന്വേഷിക്കാൻ എത്തിയതായിരുന്നു സക്കീർ ഹുസൈൻ. ഇതിനിടെ പ്രകോപിതനായ പ്രതി കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തുമ്പോൾ കുത്തേറ്റ് നിലത്ത് കിടക്കുകയായിരുന്നു സക്കീർഹുസൈൻ. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചു.

സക്കീർ ഹുസൈന് കടയ്ക്കലും വർക്കലയിലും ഹോട്ടലും ആക്കലിൽ തുണിക്കടയും ഉണ്ട്. സൗമ്യ സ്വഭാവക്കാരനായിരുന്നു മരിച്ച സക്കീർ ഹുെൈസനന്ന് നാട്ടുകാർ പറഞ്ഞു. ചടയമംഗലം എസ്.എച്ച്.ഒ. കണ്ണൻ, എസ്.ഐ. മാരായ ഡെന്നിസൺ അഗസ്റ്റ്യൻ, അഞ്ജിത ശ്രീകുമാർ, അലക്‌സാണ്ടർ, ഗിരി, സി.പി.ഒ. മാരായ അജിത്ത്, സജി, ജോബി, രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചടയമംഗലം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ഷംല, മക്കൾ: ഫായിസ്, ഫൈഹ.

Content Highlights: Hotel owner Zakir Hussain killed in Chandayamangalam, Kollam., Suspect Irshad, a former employee, arrested by police., Motive identified as a dispute over wages., Incident occurred during maintenance work at the hotel in 2026., Suspect apprehended in Mannanthala while attempting to flee.