അമേരിക്കന്‍ സ്വപ്‌നത്തിന് 50 ലക്ഷം രൂപ; അപകടംനിറഞ്ഞ 'ഡങ്കി റൂട്ട്'; ഇന്ത്യക്കാരനെ കൊലപ്പെടുത്തി മനുഷ്യക്കടത്ത് സംഘം

പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി

ചണ്ഡീഗഢ്: കുപ്രസിദ്ധമായ 'ഡങ്കി റൂട്ടി'ലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാനായി പുറപ്പെട്ട ഹരിയാണ സ്വദേശിയായ 18-കാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹരിയാണയിലെ മൊഹ്ന സ്വദേശിയായ യുവരാജ് ആണ് ഗ്വാട്ടിമാലയില്‍വെച്ച് കൊല്ലപ്പെട്ടതെന്ന് കുടുംബം പറഞ്ഞു.

അമേരിക്കയിലേക്ക് പോകാന്‍ ശ്രമിച്ച യുവരാജിനെ മനുഷ്യക്കടത്തുകാര്‍ തടവിലാക്കിയെന്നും പണം ആവശ്യപ്പെട്ടിരുന്നതായും വീട്ടുകാര്‍ വെളിപ്പെടുത്തി. ഇതിനുപിന്നാലെയാണ് യുവാവിനെ കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതെന്നും കുടുംബം പറഞ്ഞു. യുവരാജിന് പുറമേ 'ഡങ്കി റൂട്ടി'ലൂടെ അമേരിക്കയിലേക്ക് കടക്കാന്‍ശ്രമിച്ച പഞ്ചാബ് സ്വദേശിയും ഗ്വാട്ടിമാലയില്‍വെച്ച് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്.

അമേരിക്കയിലേക്ക് പോകാനായി ഏകദേശം 50 ലക്ഷം രൂപയാണ് യുവരാജും കുടുംബവും ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയിരുന്നത്. കര്‍ഷക കുടുംബത്തില്‍പ്പെട്ട യുവരാജിന് 12-ാംക്ലാസ് വിദ്യാഭ്യാസമാണുള്ളത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് യുവരാജ് അമേരിക്കയിലേക്ക് ജോലിതേടി പോയത്. പേടിക്കാനില്ലെന്നും സുരക്ഷിതമായി അമേരിക്കയില്‍ എത്തുമെന്നുമാണ് യുവാവ് കുടുംബത്തോട് പറഞ്ഞിരുന്നത്. അമേരിക്കയിലേക്ക് പോകാനായി ഹരിയാണയിലെ മൂന്ന് ട്രാവല്‍ ഏജന്റുമാര്‍ വന്‍തുകയും കൈപ്പറ്റിയിരുന്നു. യാത്ര സുരക്ഷിതമാകുമെന്ന് യുവാവിന്റെ കുടുംബത്തിനും ഇവര്‍ ഉറപ്പുനല്‍കി. എന്നാല്‍, ആദ്യഗഡു നല്‍കിയതിന് പിന്നാലെ തന്നെ യുവരാജുമായുള്ള ബന്ധം നഷ്ടമായെന്ന് കുടുംബം പറയുന്നു. ഫോണിലൂടെയോ മറ്റോ യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് യുവരാജിനെയും മറ്റൊരാളെയും ബന്ദിയാക്കിയതായി അറിയിച്ച് ഗ്വാട്ടിമാലയിലെ മനുഷ്യക്കടത്ത് സംഘം കുടുംബത്തെ ബന്ധപ്പെട്ടത്. തടവിലാക്കിയ യുവാവിന്റെ ദൃശ്യങ്ങളും അയച്ചുനല്‍കിയിരുന്നു. വിട്ടയക്കണമെങ്കില്‍ വന്‍തുക മോചനദ്രവ്യമായും ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഈ സംഘം വീണ്ടും ബന്ധപ്പെട്ടു. യുവരാജിനെയും ഒപ്പമുള്ളയാളെയും കൊലപ്പെടുത്തിയതായും തെളിവ് വേണമെങ്കില്‍ മൂന്നുലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. പണം അയച്ചുനല്‍കിയതോടെ ഗ്വാട്ടിമാലയിലെ സംഘം യുവരാജിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളും മരണസര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ അയച്ചുനല്‍കിയെന്നും കുടുംബം പറഞ്ഞു.

ഹരിയാണയിലെ ഏജന്റുമാര്‍ക്ക് നല്‍കിയ ലക്ഷക്കണക്കിന് രൂപ ഗ്വാട്ടിമാലയിലെ മനുഷ്യക്കടത്ത് സംഘത്തിന് കിട്ടിയിട്ടില്ലെന്നാണ് കുടുംബം കരുതുന്നത്. സംഭവത്തില്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഹരിയാണയിലെ രണ്ട് ഏജന്റുമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തെക്കന്‍ അതിര്‍ത്തിയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാനായി പ്രധാനമായും രണ്ട് റൂട്ടുകളാണുള്ളത്. മെക്സിക്കോയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതും മറ്റൊന്ന് ഡോങ്കി അല്ലെങ്കില്‍ ഡങ്കി റൂട്ട് എന്നറിയപ്പെടുന്ന വഴിയും. ഈ റൂട്ടിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ വിവിധരാജ്യങ്ങളിലെ അപകടകരമായ ഭൂപ്രദേശങ്ങള്‍ കടക്കണം. കൊടുംകാടുകളും ജലാശയങ്ങളും ഉള്‍പ്പെടെയുള്ളവ ഈ വഴിയിലുണ്ട്. ബസുകളിലും ബോട്ടുകളിലും കണ്ടെയ്നര്‍ ട്രക്കുകളിലുമെല്ലാമാണ് ഈ റൂട്ടിലൂടെ ഏജന്റുമാര്‍ ആളുകളെ അതിര്‍ത്തിയിലെത്തിക്കുന്നത്. ഇതിനിടെ അപകടകരമായ പലസാഹചര്യങ്ങളും നേരിടേണ്ടിവന്നേക്കാം. ദുഷ്‌കരമായ പാതയിലൂടെ അമേരിക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

Content Highlights: An 18-year-old from Haryana was killed by traffickers while attempting to cross into the US via the perilous `Donkey Route` through Guatemala. Family paid Rs 50 lakh.