തലയറത്ത് ഫ്രിഡ്ജിൽ വെച്ചു, കൈവിരലുകൾ അടർത്തിയെടുത്തു; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്

#ന്യൂസ് ഡെസ്ക്
Photo: X.com
Photo: X.com

ഗുവഹാത്തി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഭർത്താവ് പൊലീസിൽ കീഴടങ്ങി. അസമിലെ ഗുവഹാത്തിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

25-കാരിയായ റിയ താലുക്ദർ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാമാനുജൻ ഗോസ്വാമി പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. എന്താണ് കൊലപാതക കാരണമെന്ന് വ്യക്തമല്ല.

ആറുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് അപ്പാർട്ടമെന്റിൽ ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരേയും കാണാനില്ലായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. പ്രദേശത്തുനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം കണ്ടത്. യുവതിയുടെ ശരീരഭാഗങ്ങൾ മുറിയിൽ കിടക്കുന്ന നിലയിലായിരുന്നു. തലയറത്തുമാറ്റിയ നിലയിലും. എന്നാൽ, തല പരിസരത്തെങ്ങും കാണാനായില്ല. ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഫ്രിഡ്ജിനുള്ളിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. പോളീത്തീൻ കവറിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു തലഭാഗം. കൈവിരലുകളും അറത്തുമാറ്റിയനിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയാണ് യുവാവ് പോലീസിൽ കീഴടങ്ങിയത്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവവരം. എന്താണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നത് പോലീസ് വ്യക്തമാക്കിയിട്ടില്ല.

വിശദാന്വേഷണത്തിനും ചോദ്യംചെയ്യലിനും ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Content Highlights: A 25-year-old woman named Riya Talukdar was brutally murdered in Guwahati., Her husband, Ramanujan Goswami, surrendered to the police and confessed., Body parts, including the head kept in a fridge and severed fingers, were recovered., The couple had been married for only six months prior to the incident.