സ്വർണം കടത്തിയത് എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച്; കരിപ്പൂരിൽ വൻ സ്വർണവേട്ട

മലപ്പുറം: എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്. ഒരുകോടി രൂപയുടെ സ്വർണമാണ് കരിപ്പൂരിൽനിന്നും പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
കൊച്ചിയിൽ കഴിഞ്ഞദിവസം സാനിറ്ററി നാപ്കിനിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് ഒരു യുവതി പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതിൽ നിന്നാണ് കരിപ്പൂരിലെ കടത്തിനെക്കുറിച്ചുള്ള വിവരം കിട്ടിയത്.
തുടർന്ന് റാസൽഖൈമയിൽനിന്ന് കരിപ്പൂരിൽ വിമാനം ഇറങ്ങുന്നതുവരെ ഈ കുടുംബം നിരീക്ഷണത്തിലായിരുന്നു. കരിപ്പൂരിൽ വിമാനമിറങ്ങിയ ഇവരെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.
കുഞ്ഞിന്റെ പിതാവിനെ പരിശോധിച്ചപ്പോഴാണ് ഒരുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കണ്ടെത്തിയത്. പിന്നീട് സംശയം തോന്നിയ ഉദ്യോഗസ്ഥർ കുഞ്ഞിനെയും പരിശോധിക്കുകയായിരുന്നു. ഇതിലാണ് ഡയപറിൽ സ്വർണം മിശ്രിതമായി സൂക്ഷിച്ചിട്ടുള്ളതായി കണ്ടെത്തിയത്.
കൊച്ചിയിൽനിന്നും കരിപ്പൂരിൽനിന്നും പിടിയിലായ പ്രതികൾ കസ്റ്റഡിയിൽ തുടരുകയാണ്. ഇവരെ ചോദ്യംചെയ്യുന്നതിലൂടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ കണ്ണികളിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡിആർഐ.
Content Highlights: Gold worth Rs 1 crore seized at Karipur Airport, Smuggling attempt hidden inside an 8-month-old baby's diaper, DRI acted on intelligence gathered from a previous Kochi airport smuggling case, Family monitored from Ras Al Khaimah flight to arrival, Accused currently in custody for further interrogation.