ഗോൾഡ് മൈനിങ്, കോട്ടയം സ്വദേശിക്ക് നഷ്ടമായത് 1.18 കോടി; പ്രതിയെ യുപിയിലെ വീട്ടിൽ ചെന്ന് പൊക്കി പോലീസ്

കോട്ടയം: ഗോൾഡ് മൈനിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ റിസ്ക് ഇല്ലാതെ കൂടുതൽ ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞ് കോട്ടയം കളത്തിപ്പടി സ്വദേശിയുടെ പക്കൽ നിന്ന് ഒരു കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് ജഗദീഷ്പുര അംബേദ്കർ മൂർത്തി രാഹുൽ നഗറിന് സമീപം ശരദാ വിഹാർ അചൽ സിങ് മകൻ ദീപേഷ് (25) ആണ് അറസ്റ്റിലയാത്. ഇയാളുടെ താമസസ്ഥലത്തെത്തി കേരളാ പോലീസ് പിടികൂടുകയായിരുന്നു.
2024-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുടെ ഫോൺ നമ്പരിൽ നിന്നും വാട്‌സാപ്പ് കോൾ വിളിച്ച് 'NEW MONT GOLD CAPITAL' എന്ന ഗോൾഡ് മൈനിങ് കമ്പനിയെക്കുറിച്ച് വിശദീകരിച്ചും, ഈ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഓഹരി വിപണിയിലെ പോലെ റിസ്ക് ഇല്ലാതെ ഫിക്സഡ് ആയിട്ട് ഒരു നല്ല തുക കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും തുടർന്ന് ലോവീണ പൗലോസ് എന്നയാൾ ഇടപാടുകാരൻ മലയാളി ആണെന്ന് അറിഞ്ഞ് മലയാളത്തിൽ ഇതേ കാര്യങ്ങളെപ്പറ്റി ഫോണിൽ സംസാരിപ്പിച്ചും ഫോണിലൂടെ നൽകിയ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിച്ച് അതിലൂടെ പല തവണകളായി പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങിക്കുകയായിരുന്നു. വിശ്വാസ്യതയ്ക്കായി ചെറിയ തുകകൾ ലാഭവിഹിതം എന്ന പേരിൽ തിരികെ നൽകുകയും ചെയ്തിരുന്നു.
പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പണം വരാത്തതിനെത്തുടർന്ന് പ്രതികളുടെ ഫോൺ നമ്പരിലേക്ക് വിളിച്ചപ്പോൾ എടുത്തില്ല. പിന്നീട് വിളിച്ചപ്പോൾ ഫോൺ നമ്പർ നിലവിലില്ല എന്നറിയിക്കുകയായിരുന്നു. ഇതോടെയാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരന് മനസ്സിലായത്. തുടർന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി. കേസിൽ ഉൾപ്പെട്ട പ്രതി ഉത്തർപ്രദേശിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് പ്രതിയെ ഉത്തർപ്രദേശിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്ഐ കെ.വി. വിപിൻ, സിപിഒമാരായ ഷാനവാസ്, യുസെഫ്, രാജീവ് ജനാർദ്ദൻ എന്നിവരടങ്ങുന്ന സംഘമാണ് ഉത്തർപ്രദേശിൽ എത്തി പ്രതിയെ പിടികൂടിയത്.
Content Highlights: Kottayam Gold Mining Investment Fraud: Uttar Pradesh Man Arrested for ₹1.18 Crore Scam