പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി; കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

#സ്വന്തം ലേഖിക
പി.കെ. ബേബി | Photo:welfarecusat.in
പി.കെ. ബേബി | Photo:welfarecusat.in

കൊച്ചി: കൊച്ചിൻ ശാസത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അം​ഗം പി.കെ. ബേബിക്കെതിരേ കേസ്. കലോത്സവത്തിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു, മോശമായി പെരുമാറി എന്നീ കുറ്റങ്ങൾ ചുമത്തി കളമശ്ശേരി പോലീസാണ് ബേബിക്കെതിരേ കേസെടുത്തിരിക്കുന്നത്. 

2024 ജനുവരിയിലാണ് കുസാറ്റിൽ കലോത്സവം നടന്നത്. ഇതിനിടെ  ബേബി പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, പെൺകുട്ടിയോട് മോശമായി പെരുമാറി എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. 

തുടക്കത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകാൻ തയാറായിരുന്നില്ല. കോളേജ് വി.സി.യെ സമീപിക്കുകയായിരുന്നു. വി.സിയെ സമീപിച്ചതോടെ കോളേജിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി വഴി ആഭ്യന്തര അന്വേഷണം നടത്താൻ തീരുമാനിച്ചു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.

സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടറാണ് പി.കെ. ബേബി. നേരത്തെ മാന​ദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട്  പി.കെ ബേബിക്ക്  സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Content Highlights: girl was mistreated, Case against Cusat Syndicate member