തീവണ്ടികളിൽനിന്ന് പുറത്തേക്കെറിയും, ഇപ്പോൾ എത്തിക്കുന്നത് ബസിൽ; കഞ്ചാവ് കടത്തിന് പുതിയ തന്ത്രങ്ങൾ

അങ്കമാലി: ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കിയതോടെ പുതിയ തന്ത്രങ്ങളുമായി കഞ്ചാവ് കടത്തുസംഘം. ഒഡിഷയിൽനിന്നും മറ്റും ട്രെയിൻ മാർഗമാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. ഇതര സംസ്ഥാനക്കാരാണ് അധികവും കഞ്ചാവുമായി എത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കിയതോടെ കഞ്ചാവ് കടത്തിനായി മറ്റു തന്ത്രങ്ങൾ മെനയാൻ തുടങ്ങി. ആളൊഴിഞ്ഞ സ്ഥലമെത്തുമ്പോൾ തീവണ്ടിയിൽനിന്ന് കഞ്ചാവ് വലിച്ചെറിഞ്ഞിടുന്ന രീതി സ്വീകരിച്ചിരിക്കുകയാണ് അടുത്തിടെയായി കഞ്ചാവ് കടത്തുസംഘം.
ആലുവ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുൻപുള്ള നെടുമ്പാശ്ശേരി പുറയാർ, അങ്കമാലി റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുൻപുള്ള മങ്ങാട്ടുകര തുടങ്ങിയ ഇടങ്ങളിലാണ് തീവണ്ടിയിൽനിന്ന് കഞ്ചാവ് വലിച്ചെറിഞ്ഞിടുന്നത്. വലിച്ചെറിഞ്ഞിട്ടശേഷം തീവണ്ടിയിൽ വന്നവർ കൂട്ടാളികൾക്ക് മൊബൈൽ ഫോൺ മുഖേന ഈ വിവരം കൈമാറും. അവർ സ്ഥലത്തെത്തി കഞ്ചാവ് എടുത്തുകൊണ്ടുപോകുകയും ചെയ്യും. പലപ്പോഴും പുലർച്ചെയാണ് ഈ രീതിയിൽ കഞ്ചാവ് കൈമാറ്റം നടത്തുന്നത്.
നായ കുരയ്ക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നെത്തി പരിശോധന നടത്തിയതോടെയാണ് അങ്കമാലി മങ്ങാട്ടുകരയിൽ ഇത്തരം കഞ്ചാവ് കൈമാറ്റം നടക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുറയാറിൽനിന്ന് കഞ്ചാവുപൊതികൾ നാട്ടുകാർ കണ്ടെത്തിയിരുന്നു. പോലീസിന്റെയും എക്സൈസിന്റെയും കണ്ണിൽ പെടാതെ കഞ്ചാവ് കടത്തുന്ന ഈ രീതിയും പൊളിഞ്ഞതോടെ പുതിയ പരീക്ഷണവുമായി ഇറങ്ങിയിരിക്കുകയാണ് കഞ്ചാവ് കടത്തുസംഘം. തൃശ്ശൂർ വരെയോ പാലക്കാട് വരെയോ ട്രെയിനിൽ കഞ്ചാവുമായി വരും. അതിനുശേഷം ബസിലോ മറ്റേതെങ്കിലും വാഹനത്തിലോ റോഡുമാർഗം ജില്ലയിലെത്തും.ഇത്തരത്തിൽ എത്തിയ സംഘത്തെയാണ് ഞായറാഴ്ച അങ്കമാലി കറുകുറ്റിയിൽനിന്ന് എക്സൈസ് സംഘം പിടികൂടിയത്. കറുകുറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കഞ്ചാവ് കൈമാറാനായിരുന്നു പദ്ധതി. ഒഡിഷയിൽ നിന്ന് പതിവായി കഞ്ചാവ് എത്തിച്ചിരുന്ന നാലംഗ സംഘമാണ് കറുകുറ്റിയിൽ പിടിയിലായത്. നിശ്ചിത സ്ഥലത്ത് കഞ്ചാവ് എത്തിച്ചശേഷം അടുത്ത ട്രെയിനിൽ ഇവർ ഒഡിഷയിലേക്കുപോകും. കഞ്ചാവ് രണ്ടുകിലോ വീതമുള്ള പാക്കറ്റുകളായാണ് പൊതിഞ്ഞിരുന്നത്. മൊത്തം 58 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. കഞ്ചാവ് 11 ട്രാവൽ ബാഗുകളിലാക്കി കടത്തിക്കൊണ്ടുവരുകയായിരുന്നു.
ഇവരുടെ കൂട്ടാളികളെകുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. പിടിയിലായവരിൽ രണ്ടുപേരുടെ പക്കൽനിന്ന് പിടികൂടിയ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് ലഭിച്ച സൂചനകൾ പ്രകാരം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Smugglers abandoned throwing ganja packets from moving trains due to increased surveillance., New strategy involves using buses for long-distance transport from Odisha to Ernakulam., Four-member gang arrested in Karukutty with 58 packets of ganja., Excise department is investigating mobile data from the suspects to track local accomplices.