ഗുണ്ടാത്തലവനെ പോലീസ് വധിച്ചു, പിന്നാലെ ബ്രസീലിൽ തീവെപ്പ്; കത്തിച്ചത് 35 ബസുകൾ, സ്‌കൂളുകൾ അടച്ചിട്ടു

റിയോ ഡി ജനൈറോ: കുപ്രസിദ്ധ ഗുണ്ടാത്തലവനെ പോലീസ് ഓപ്പറേഷനില്‍ വധിച്ചതിന് പിന്നാലെ ബ്രസീലിലെ റിയോ ഡി ജനൈറോയില്‍ തീവെപ്പ്. തെരുവിലിറങ്ങിയ ക്രിമിനല്‍സംഘം 35 ബസുകളും ഒരു ട്രെയിന്‍ കോച്ചും കത്തിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ 45 സ്‌കൂളുകള്‍ അടച്ചിട്ടു. അക്രമം പൊതുഗതാഗതത്തെയും ബാധിച്ചു.
റിയോ ഡി ജനൈറോയുടെ പടിഞ്ഞാറന്‍ മേഖലയില്‍ തിങ്കളാഴ്ചയാണ് വ്യാപകമായ തീവെപ്പും അക്രമവും അരങ്ങേറിയത്. സംഭവത്തില്‍ ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. അക്രമസംഭവത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണത്തിനൊപ്പം ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പോലീസ് നിരീക്ഷണം ആരംഭിച്ചു.
കുപ്രസിദ്ധ മാഫിയ തലവനായ 'സിന്‍ഹോ'യുടെ അനന്തരവനും വലംകൈയ്യുമായ മത്തീയേസ് ഡാ സില്‍വ റെസേന്‍ഡയെയാണ് പോലീസ് ഓപ്പറേഷനില്‍ വധിച്ചത്. ഇതിനുപിന്നാലെയാണ് റിയോ ഡി ജനൈറോയുടെ പടിഞ്ഞാറന്‍മേഖലയില്‍ തിങ്കളാഴ്ച വ്യാപകമായ അക്രമം അരങ്ങേറിയത്.
തീവെയ്പ്പില്‍ റിയോ ഒനിബസ് കമ്പനിയുടെ 35 ബസുകളാണ് കത്തിനശിച്ചത്. ഇതില്‍ ഇരുപതെണ്ണം സിറ്റി ബസുകളാണെന്നും മറ്റുള്ളവ ടൂറിസം സര്‍വീസ് നടത്തുന്ന ബസുകളാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. അക്രമത്തെത്തുടര്‍ന്ന് പൊതുഗതാഗതം താറുമാറായി. വിദ്യാര്‍ഥികളെയും ഇത് ബാധിച്ചു. അക്രമത്തെത്തുടര്‍ന്ന് 45 സ്‌കൂളുകളാണ് അടച്ചിട്ടത്.
തിങ്കളാഴ്ചയുണ്ടായ അക്രമസംഭവത്തിന്റെ ചില വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ക്രിമിനല്‍സംഘം ബസുകളില്‍നിന്ന് ആളുകളെ ഇറക്കിവിടുന്നതും പിന്നാലെ ഇന്ധനം ഒഴിച്ച് ബസുകള്‍ അഗ്നിക്കിരയാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, തിങ്കളാഴ്ചയുണ്ടായ തീവെപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരേ ഭീകരവാദക്കുറ്റം ചുമത്തുമെന്ന് ഗവര്‍ണര്‍ ക്ലൗഡിയോ കാസ്‌ട്രോ പറഞ്ഞു.
Content Highlights: gangsters set fire 5 buses in brazil rio de janeiro after killing of gang boss