കൊടുംകുറ്റവാളി കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട സംഭവം; ഭാര്യയെയും കാമുകിയെയും കേന്ദ്രീകരിച്ച് അന്വേഷണം

തൃശ്ശൂര്‍: തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി കേരളം വിട്ടെന്ന് നിഗമനം. ഇതേ തുടര്‍ന്ന് ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം തമിഴ്‌നാട്ടില്‍ ശക്തമാക്കി. തമിഴ്‌നാട് ക്രൈംബ്രാഞ്ചും കേരള പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

ബാലമുരുകന്റെ ഭാര്യ, കാമുകി, തമിഴ്‌നാട്ടിലെ കൂട്ടാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാത്രി പത്തോടെ വിയ്യൂര്‍ ജയിലിന് മുന്‍പില്‍നിന്നാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. ഇതുവരെയും ഇയാളെ കുറിച്ച് ഒരു തുമ്പും പോലീസിന് കിട്ടിയിട്ടില്ല.

ചൊവ്വാഴ്ച രാത്രി വിയ്യൂരിലെ ഒരു വീട്ടില്‍നിന്ന് മോഷണം പോയ ബൈക്കില്‍ ബാലമുരുകന്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്. അതേസമയം ബൈക്ക് കൊണ്ടുപോയത് ബാലമുരുകനാണെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെയും പോലീസിനായിട്ടില്ല. അതിര്‍ത്തി കടന്ന് ബാലമുരുകന്‍ രക്ഷപ്പെട്ടത് എങ്ങനെയെന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പോലീസ് സംഘം തൃശ്ശൂരിലെത്തിയിട്ടുണ്ട്. ഇവിടെനിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

Content Highlights: Massive manhunt underway for a notorious criminal who escaped Tamil Nadu police custody in Thrissur. Investigation focuses on wife & lover. Get latest updates.