പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊന്നു; 20 ലക്ഷം നൽകാമെന്ന് സമ്മതിച്ചിട്ടും ക്രൂരത; പിന്നിൽ മുത്തച്ഛനോടുള്ള പക

ഹൈദരാബാദ്: പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. സെക്കന്ദരാബാദിലെ ബൊല്ലാരത്താണ് സംഭവം. ഒറേലി മോസസ് ഫെർണാണ്ടസ് എന്ന അഞ്ചുവയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടി താമസിച്ചിരുന്ന കെട്ടിടസമുച്ചയത്തിലെ ക്ലബ് ഹൗസിന്റെ ബേസ്‌മെന്റിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടുത്തെ മുൻ സുരക്ഷാജീവനക്കാരനാണ് ഒറേലിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഇയാൾ 20 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
കാർഷിക ശാസ്ത്രജ്ഞനായ അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്ച വൈകുന്നേരമാണ് കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് സംഘം നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതുമണിയോടെയാണ് മൃതശരീരം കണ്ടെത്തിയത്. കുട്ടിയെ കാണാതാകുന്നതിന് കുറച്ചുമുൻപുള്ള സിസിടിവി ദൃശ്യത്തിൽ മുൻസുരക്ഷാജീവനക്കാരനായ വിക്രം പിന്നിൽ നിൽക്കുന്നതായി കാണാം.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് തന്റെ അച്ഛന് അറിയാത്തൊരു നമ്പറിൽനിന്ന് കോൾ വന്നിരുന്നെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. പണം നൽകാമെന്ന് കുടുംബം സമ്മതിച്ചെങ്കിലും വിക്രം ഫോൺ സ്വിച്ച് ഓഫ് ആക്കി. കൈകാലുകൾ കെട്ടിയനിലയിൽ വാട്ടർ ടാങ്കിലായിരുന്നു കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നത്.
സംഭവത്തിന് പിന്നാലെ വിക്രം, സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷന് സമീപത്തേക്ക് പോയെന്നാണ് മൊബൈൽ ഫോൺ ലൊക്കേഷനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളെ പിടികൂടാൻ പത്ത് പ്രത്യേകസംഘങ്ങൾക്ക് പോലീസ് രൂപംനൽകിയിട്ടുണ്ട്. മോശംപെരുമാറ്റത്തെ തുടർന്ന് രണ്ടുദിവസം മുൻപാണ് സുരക്ഷാജീവനക്കാരന്റെ ജോലിയിൽനിന്ന് വിക്രമിനെ പുറത്താക്കിയത്. ഒറേലിയുടെ മുത്തച്ഛൻ ഉൾപ്പെട്ട കമ്മിറ്റിയാണ് നടപടിയെടുത്തത്. ഇതിലുള്ള വിരോധംമൂലം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാൻ സാധ്യതയുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.
Content Highlights: 5-year-old girl Aurelie Moses Fernandez abducted and murdered in Secunderabad's Bolarum., Body found in the basement water tank of the apartment complex., Ex-security guard Vikram prime suspect, motivated by a grudge against the victim's grandfather., Police formed ten special teams to apprehend the absconding suspect.