ബസിനു മുന്നിൽ നിരന്ന് യാത്ര, ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ആക്രമിച്ചു, അഞ്ചുപേർ അറസ്റ്റിൽ

കായംകുളം: ദേശീയപാതയിൽ ബുധനാഴ്ച രാത്രിയിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. രണ്ടാംകുറ്റി സ്വദേശി മുഹമ്മദ് യാസിൻ (21), ചേരാവള്ളി സ്വദേശി ആദിത്യൻ (20), പെരുങ്ങാര സ്വദേശി മുഹമ്മദ് ഫർഹാൻ (20), പെരുങ്ങാല സ്വദേശി അഖിൽ (20), പുള്ളിക്കണക്ക് സ്വദേശി ആദിഷ് എന്നിവരെയാണു പോലീസ് അറസ്റ്റുചെയ്തത്.

കെ.എസ്.ആർ.ടി.സി. ബസ് കടന്നുപോകാനുള്ള സൗകര്യത്തിന്‌ സ്‌കൂട്ടർ മാറ്റാൻ ഹോണടിച്ചതിന്റെ വിരോധത്തിലാണ് ഡ്രൈവറെ ആക്രമിച്ചത്. തിരുവനന്തപുരത്തുനിന്നു പഴനിക്കു പോകുകയായിരുന്ന ബസ് ഒന്നരമണിക്കൂർ വൈകിയാണ് ഓച്ചിറയിൽ എത്തിയത്. കൃഷ്ണപുരം ഭാഗത്ത്‌ ദേശീയപാതയിൽ പണിനടക്കുന്നിടത്ത് ഇടുങ്ങിയ ഭാഗത്തുകൂടി ബസ് കടന്നുപോകുമ്പോഴാണു തർക്കമുണ്ടായത്. രണ്ടു സ്‌കൂട്ടറിലായി അഞ്ചുപേർ ബസിനു മുന്നിൽ പോകുന്നുണ്ടായിരുന്നു. പരസ്പരം സംസാരിച്ച്‌ റോഡിലൂടെ നിരന്ന്‌ സ്‌കൂട്ടറോടിച്ചാണ് ഇവർ പോയത്.

സ്‌കൂട്ടറുകൾ മാറ്റിക്കൊടുക്കാനായി ബസ് ഹോണടിച്ചു. ഇതിന്റെ വിരോധത്തിൽ അസഭ്യംപറയുകയും ആക്രമിക്കുകയുമായിരുന്നെന്ന്‌ കെ.എസ്‌.ആർ.ടി.സി. ഡ്രൈവർ പ്രവീൺ പറഞ്ഞു. സ്‌കൂട്ടർ കുറുകേ നിർത്തി ബസ് തടഞ്ഞ് ഡ്രൈവറെ വാഹനത്തിൽനിന്നു പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.

കുറ്റകരമായ നരഹത്യാശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ബസിൽ 21 യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ ട്രിപ്പും മുടങ്ങി. യാത്രക്കാർക്ക്‌ പകരംസംവിധാനം ഏർപ്പെടുത്തി. നാലരവർഷമായി ഈ റൂട്ടിൽ ബസോടിക്കുന്നയാളാണ്‌ മർദനമേറ്റ പോത്തൻകോടു സ്വദേശിയായ പ്രവീൺ.

Content Highlights: Five youths have been arrested by the police in Kayamkulam for assaulting a KSRTC bus driver following a traffic dispute regarding honking on the national highway.