എലി കരണ്ടു; ഫസൽ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയിൽ നിന്ന് കാണാതായി

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിലെ തൊണ്ടിമുതലായ തൂവാല എറണാകുളം സിജെഎം കോടതിയിൽ നിന്ന് കാണാതായി. ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്. കേസിലെ നിർണായകമായ തെളിവാണിത്.

കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിസ്താരത്തിനിടെ തൂവാല ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പരിശോധിച്ചപ്പോഴാണ് തൂവാല കാണാനില്ലെന്ന് മനസിലായത്. സീൽഡ് കവറിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. തൂവാല കാണാനില്ലെന്നും എലി കരണ്ടതായും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് തൂവാല കാണാതയതെന്ന് കൂടുതൽ പരിശോധിക്കേണ്ടതായുണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിക്കുന്നത്.

അതേസമയം തൂവാല കാണാതായാലും തിരിച്ചടിയല്ലെന്നും ഫോറൻസിക് റിപ്പോർട്ടടക്കം ഉണ്ടെന്നാണ് സിബിഐ പറയുന്നത്. എന്നിരുന്നാലും കേസിലെ പ്രധാനപ്പെട്ട തെളിവാണിത്. കൊലപാതകശേഷം പ്രതികൾ ഇത് ആർഎസ്എസ് പ്രവർത്തകർ താമസിക്കുന്ന പ്രദേശത്ത് കൊണ്ടുപോയി ഇട്ടിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നുമാണ് സിബിഐ വാദം.

2006 ഒക്ടോബർ 22-നാണ് എൻ.ഡി.എഫ്. പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്. സി.പി.എം. വിട്ട് എൻ.ഡി.എഫിൽ ചേർന്നതാണ് ഫസലിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. കാരായി രാജൻ നിലവിൽ നിയുക്ത എംഎൽഎയാണ്.

Content Highlights: Blood-stained towel, a key piece of evidence in the Fazal murder case, is missing., Court records indicate the evidence was stored in a sealed cover but is now missing, with mentions of rodent damage., CBI maintains that forensic reports remain intact, minimizing the impact on the ongoing case., The case involves the 2006 murder of NDF worker Fazal, with high-profile accused including Karayi Rajan.