അരുവിക്കരയില്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി മരുമകന്‍ സ്വയംതീകൊളുത്തി, ഭാര്യയേയും വെട്ടി

തിരുവനന്തപുരം: അരുവിക്കരയില്‍ മരുമകന്‍ ഭാര്യാ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴീക്കോട് വളപ്പെട്ടി സ്വദേശി മരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അലി അക്ബറും ഭാര്യ മുംതാസുമായി പത്തുവര്‍ഷത്തിലധികമായി പിണങ്ങിക്കഴിയുകയാണ്. ഈ കേസ് കുടുംബകോടതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഒരു വീട്ടില്‍ത്തന്നെയായിരുന്നു താമസം.
ഇന്ന് പുലര്‍ച്ചെ നാലരയോടെ ഭാര്യാ മാതാവ് താഹിറയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയായ മുംതാസിനെയു വെട്ടി. പിന്നാലെ അലി അക്ബര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താഹിറയെ രക്ഷപ്പടുത്താനായില്ല. മുംതാസ് ചികിത്സയില്‍ കഴിയുന്നു.
ഏറെക്കാലമായി തുടരുന്ന കുടുംബപ്രശ്‌നമാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചത്. അലി അക്ബര്‍ എസ്.ഐ.ടി. ഉദ്യോഗസ്ഥനാണ്. മുംതാസ് നെടുമങ്ങാട് ഗേള്‍സ് ഹൈസ്‌കൂളിലെ ടീച്ചറുമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: family problem; the mother-in-law was hacked to death