79-കാരിയെ വീടിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, 15 പവൻ കവർന്നു; ശരീരത്തിൽ പാടുകൾ, വീടിനുള്ളിൽ മുളകുപൊടി വിതറി

കാറളം: 79-കാരിയെ വീടിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു. കാറളം മൃഗാശുപത്രിക്കു പിന്നിൽ അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രി(79)യാണ് കൊല്ലപ്പെട്ടത്. ധരിച്ചിരുന്ന അഞ്ചു വളയും മാലയും മോതിരവുമടക്കം 15 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ട്. വീടിനകത്ത് മുളകുപൊടി തൂകിയനിലയിലായിരുന്നു. അലമാരകളും മറ്റും തുറന്നതിന്റെ ലക്ഷണങ്ങൾ ഇല്ല.
ചൊവാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവമെന്നാണ് കരുതുന്നത്. ഇതിനു തൊട്ടു മുൻപ് സാവിത്രി മുറ്റമടിക്കുന്നതു കണ്ടവരുണ്ട്. സാവിത്രിയുടെ മകനും ഭാര്യയും അച്ഛൻ വിജയനെയുംകൊണ്ട് ആശുപത്രിയിൽപ്പോയ സമയത്താണ് കൊല നടന്നത്. സ്കൂൾ വിട്ടു വന്ന പേരക്കുട്ടി വീട്ടിലെത്തിയപ്പോൾ മുൻവാതിൽ തുറന്നിരുന്നില്ല. അടുക്കളഭാഗത്തെ തുറന്നുകിടന്ന വാതിലിലൂടെ കയറിയപ്പോഴാണ് കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ സാവിത്രിയെ കണ്ടത്. കുട്ടി അടുത്ത വീട്ടിൽച്ചെന്ന് വിവരമറിയിച്ചു. അവരെത്തിയശേഷം അടുത്തു താമസിക്കുന്ന മൂത്ത മകനെ വിളിച്ചുവരുത്തി നോക്കിയപ്പോഴാണ് മരിച്ചതായി മനസ്സിലായത്. ഉടൻ പോലീസിലറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ്, ഫൊറൻസിക് വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിനരികിൽനിന്ന് മണം പിടിച്ച് വീടിന്റെ അടുക്കള വഴി പുറത്തിറങ്ങിയ പോലീസ്നായ സമീപത്തെ പറമ്പിലൂടെ റോഡിലേക്കു കടന്ന് പ്രധാനറോഡിലെത്തി നിന്നു.
സാവിത്രിയുടെ മക്കൾ: സുരേഷ്, സുഭാഷ്, സുമേഷ്, പരേതരായ സുജേഷ്, ശശി. മരുമക്കൾ: സിന്ധു, പ്രീതി, ഗ്രീഷ്മ, ടീന, സുബിത.
Content Highlights: 79-year-old Savitri murdered inside her home in Karalam, Around 15 sovereigns of gold ornaments stolen from the victim, Chili powder sprinkled inside the house to misguide police dogs, Police, dog squad, and forensic experts inspected the crime scene