ഡി.വൈ.എഫ്.ഐ. നേതാവിനെ കാപ്പ ചുമത്തി നാടുകടത്തി, കള്ളക്കേസെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. തൂവയൂർ മേഖലാസെക്രട്ടറി അഭിജിത്ത് ബാലനെ(30)-കാപ്പ (കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് നിർദേശം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ, കാപ്പ ചുമത്താൻവേണ്ടി മനഃപൂർവം കള്ളക്കേസ് എടുത്തുവെന്നും ഇത് പുനരന്വേഷിക്കണമെന്നും ഉത്തരവ് സ്റ്റേചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിജിത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഏപ്രിലിൽ അടൂർ നെല്ലിമൂട്ടിൽപ്പടിയിൽ കാർ തടഞ്ഞുനിർത്തി യാത്രികരെ ഒരുസംഘം മർദിച്ചിരുന്നു. തടസ്സംപിടിക്കാൻ എത്തിയ ഹോം ഗാർഡിനെയും മർദിച്ചു. ഈ സംഭവത്തിൽ അഭിജിത്ത് ബാലനെതിരേ അടൂർ പോലീസ് കേസ് എടുത്തതോടെയാണ് കാപ്പ നടപടികളിലേക്ക് പോലീസ് കടന്നത്.
ഈ സംഭവത്തിൽ തന്റെ പേരിൽ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും ആ സമയം താൻ അവിടെ ഇല്ലായിരുന്നുവെന്നും അഭിജിത്ത് അന്നു തന്നെ ആരോപിച്ചിരുന്നു. അഭിജിത്തിനെതിരേ കള്ളക്കേസ് എടുത്തതിൽ, ഡി.വൈ.എഫ്.ഐ.ഏരിയാ കമ്മിറ്റി അടൂർ എസ്.ച്ച്.ഒ.യ്ക്കെതിരേ പ്രസ്താവനയും ഇറക്കിയിരുന്നു.
Content Highlights: DYFI leader was charged with Kaapa and exiled