നെന്മാറയില്‍ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്നത് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

പാലക്കാട്: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് നെന്മാറ സ്വദേശികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരെയാണ് കൊലപ്പെടുത്തിയത്.

സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമരയാണ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. 2019ലായിരുന്നു അജിതയുടെ കൊലപാതകം. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് അതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ കൂടെ കൊലപ്പെടുത്തിയത്.

ഇരുവരെയും നെന്മാറ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ചെന്താമരയ്‌ക്കെതിരെ നേരത്തെ തന്നെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മാനസികരോഗിയായ ഇയാള്‍ അപകടകാരിയാണെന്നും ഇയാളെ ഇവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. പക്ഷെ ഇതില്‍ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Content Highlights: Double murder in palakkad nemmara, bail-released accused kills neighbor