നയനയുടെ മരണം: സുഹൃത്തുക്കളെ വീണ്ടുമെത്തിച്ചു, ആ ദിവസം പുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യുവ സംവിധായക നയനാ സൂര്യന് മരിച്ചുകിടന്ന സ്ഥലത്ത് സുഹൃത്തുക്കളെ വീണ്ടുമെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. മരണദിവസത്തെ സംഭവങ്ങളും പുനരാവിഷ്കരിച്ചു. മൃതദേഹം ആദ്യം കാണുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരെയാണ് വെള്ളയമ്പലം ആല്‍ത്തറയിലെ നയന മരിച്ചുകിടന്ന വീട്ടില്‍ വീണ്ടും എത്തിച്ചത്. അഞ്ചുപേര്‍ നല്കിയ മൊഴിയും സംഭവവും തമ്മില്‍ വൈരുധ്യമുണ്ടോ എന്നറിയാനായിരുന്നു ഈ ഉദ്യമം.
കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തിലിനൊപ്പം ഫൊറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി. അടച്ചിട്ടിരുന്ന വീട് തുറന്ന് അകത്ത് പ്രവേശിച്ചതും നയന മരിച്ചുകിടന്ന മുറിയില്‍ കടന്ന് മൃതദേഹം പുറത്തെടുത്തതുമുള്പ്പെടെ അവിടെ നടന്ന കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു.
മരണദിവസം നയനയെ കാണാനായി ആലപ്പാട്ട് നിന്നെത്തിയ സുഹൃത്തുക്കളായ ഷംനാജ്, വിഷ്ണു, തിരുവനന്തപുരത്തെ സുഹൃത്തുക്കളായ ദീപുനാഥ്, മെറിന് മാത്യു, അയല്‍വാസി എന്നിവരെയാണ് വീണ്ടും സംഭവസ്ഥലത്തെത്തിച്ചത്. വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നോ എന്നതില്‍ വ്യക്തത വരുത്താനായിരുന്നു ശ്രമം. വാതില്‍ ശക്തിയായി തള്ളിത്തുറക്കുകയായിരുന്നു എന്ന മൊഴി അവര്‍ വീണ്ടും ആവര്‍ത്തിച്ചു. കുറ്റിയിട്ടിരുന്നോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കൈകൊണ്ട് തള്ളിയിട്ട് തുറക്കാതായതോടെ തോള് ഉപയോഗിച്ച് ശക്തിയായി തള്ളിത്തുറക്കുകയായിരുന്നുവെന്ന് ഷംനാജും ദീപുവും പറഞ്ഞു. മുന്‍പ് നല്കിയ മൊഴിയിലും ഇവര്‍ ഇക്കാര്യം തന്നെയാണ് പറഞ്ഞിരുന്നത്. ഇവരെക്കൊണ്ട് വീണ്ടും ആ രംഗം ആവര്‍ത്തിപ്പിച്ചു.
നയനയുടെ മൃതദേഹം കമഴ്ന്നുകിടക്കുകയായിരുന്നു എന്ന് അഞ്ചുപേരില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു എന്ന് മറ്റുള്ളവര്‍ ആവര്‍ത്തിച്ചു. സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടതിനാല്‍ പല കാര്യങ്ങളും വ്യക്തമായി ഓര്‍ത്തെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഫൊറന്‍സിക്ക് സംഘത്തിനും പരിമിതികളുണ്ടായി.
പുനരന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി വിദഗ്ധ മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍കോളജ് ഫൊറന്‍സിക്ക് വിഭാഗം മേധാവി ഡോ.ശ്രീദേവിയുടെ നേതൃത്വത്തിലാണ് എട്ടംഗ മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്. നയനയുടെ മരണകാരണം കഴുത്ത് ഞെരിഞ്ഞാണ് എന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരണത്തെ മുന്‍നിര്‍ത്തിയാണ് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന.
ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോട്ടോകള്‍, മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ അന്നത്തെ ഫൊറന്‍സിക്ക് സര്ജന് ഡോ.ശശികലയുടെ മൊഴി, നയനയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികള്‍ തുടങ്ങിയവ ക്രൈംബ്രാഞ്ച് മെഡിക്കല്‍ സംഘത്തിന് കൈമാറി.
പുറത്തുനിന്നുള്ള ചില ഡോക്ടര്‍മാരുടെ സഹായവും ക്രൈംബ്രാഞ്ച് തേടിയിരുന്നു. ഇവര്‍ നല്കിയ വിവരങ്ങളും കൈമാറും.
ക്രൈംബ്രാഞ്ച് കൈമാറുന്ന തെളിവുകള്‍ പഠിച്ച് ഫൊറന്‍സിക്ക് സംഘം റിപ്പോര്‍ട്ട് നല്‍കും. 18-നാണ് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ അവലോകനം.
Content Highlights: director nayana suryan death investigation