മാളിൽനിന്ന് സൗന്ദര്യവർധക വസ്തുക്കൾ മോഷ്ടിച്ച യുവാവും യുവതിയും പിടിയിൽ; യുവതി ചോക്ലേറ്റ് മോഷ്ടിച്ച കേസിലും പ്രതി

#ന്യൂസ് ഡെസ്ക്
Photo: AI
Photo: AI

പന്തീരാങ്കാവ്: മാളുകളിൽനിന്ന്‌ കോസ്മെറ്റിക് ഉത്പന്നങ്ങൾ മോഷണം നടത്തിയ യുവാവും യുവതിയും പിടിയിൽ. ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികളായ മലപ്പുറം പെരിന്തൽമണ്ണ പുളിക്കതൊടി വീട്ടിൽ നച്ചിങ്ങലാടൻ മുഹമ്മദ് ഷമീൽ (20), നിലമ്പൂർ തൊട്ടേക്കാട് ആലിക്കപറമ്പിൽ വീട്ടിൽ സബിത (19) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തത്.

18-ന് വൈകീട്ട് ഹൈലൈറ്റ് മാളിലെ നെസ്റ്റോ സൂപ്പർമാർക്കറ്റിൽ ഹെൽത്ത് ആൻഡ്‌ ബ്യൂട്ടി വിഭാഗത്തിൽ വിൽപ്പനയ്ക്കുവെച്ചിരുന്ന എണ്ണായിരം രൂപയോളം വിലവരുന്ന കോസ്മെറ്റിക് ഉത്പന്നങ്ങൾ പ്രതികൾ മോഷ്ടിച്ചിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ സുജിത് കുമാറിന്റെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.

സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും ഒട്ടേറെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പ്രതികളെ മനസ്സിലാക്കി, മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സബിത സെപ്റ്റംബർ 22-ന് അരയിടത്തുപാലം ഗോകുലം മാളിലെ നെസ്റ്റോ സൂപ്പർമാർക്കറ്റിൽനിന്ന്‌ 1000 രൂപയോളം വിലവരുന്ന ചോക്ലേറ്റുകൾ മോഷണം നടത്തിയ കേസിൽ പ്രതിയാണ്.

പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അർജുൻ അജിത്ത്, വിനോദ്, സിവിൽ പോലീസ് ഓഫീസർ അപർണ, ഹോംഗാർഡ് ജയരാജ് എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളിൽ ഒരാളെ കാക്കനാടുള്ള ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

Content Highlights: Two digital marketing students arrested for stealing cosmetics worth Rs 8,000 from Highlight Mall., Police used CCTV footage to track and apprehend the suspects near the Medical College., One of the accused is also involved in a previous chocolate theft case at Gokulam Mall., Accused were produced before the court and remanded.