തണ്ണിമത്തനിലൂടെ പേരെടുത്തു, വാഴക്കുല 'ലഹരിയിൽ' കുടുങ്ങി: മയക്കുമരുന്നിന്റെ ഉറവിടം നൈജീരിയക്കാർ; അന്ന് ധനേഷിനെ മന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചു

#ന്യൂസ് ഡെസ്ക്
ധനേഷ് എസ്. നായർ | 2023-ൽ കൃഷിദർശൻ പരിപാടിയുടെ ഭാഗമായി അന്നത്തെ കൃഷിമന്ത്രി പി. പ്രസാദ് ധനേഷ് എസ്. നായരുടെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ചപ്പോൾ(ഫയൽചിത്രം)
ധനേഷ് എസ്. നായർ | 2023-ൽ കൃഷിദർശൻ പരിപാടിയുടെ ഭാഗമായി അന്നത്തെ കൃഷിമന്ത്രി പി. പ്രസാദ് ധനേഷ് എസ്. നായരുടെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ചപ്പോൾ(ഫയൽചിത്രം)

ആലുവ: വാഴക്കുലയിൽ ഒളിപ്പിച്ച് വൻതോതിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ സംഭവത്തിന് ബെംഗളൂരുവിലെ നൈജീരിയൻ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ്. സംഭവത്തിൽ പിടിയിലായ മുഖ്യ കടത്തുകാരൻ ധനേഷ് എസ്. നായർ(31)ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത് നൈജീരിയൻ ബന്ധത്തിലൂടെ ആണെന്നാണ് പോലീസ് പറയുന്നത്.

ബിസിനസ് വിസയിലും വിദ്യാഭ്യാസ വിസയിലും ഇന്ത്യയിലെത്തുന്ന നൈജീരിയൻ സ്വദേശികൾ വിസ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി ഇന്ത്യയിൽ തങ്ങിയാണ് ലഹരിമരുന്ന് കച്ചവടം നടത്തുന്നത്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നൈജീരിയക്കാർ ലഹരികച്ചവടം നടത്തുന്നത്. ഇവരുടെ പക്കൽ നിന്നും മൊത്തമായി എംഡിഎംഎ വാങ്ങും.

വാഴക്കുലയിലെ കായ്കളുടെ ഓരോ നിര പടലകൾക്കിടയിൽ 50 ഗ്രാം ആക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് എംഡിഎംഎ. കടത്തുന്നത്. വാഴക്കുല മൊത്തമായി പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടും. പരിശോധന ഉണ്ടായാൽ ചാക്ക് തുറന്നു വാഴക്കുലയാണെന്ന് കാണിച്ചുകൊടുക്കും. കാർഷിക വിഭവം ആയതിനാൽ കൂടുതൽ പരിശോധിക്കാനായി പോലീസ് നിൽക്കാറില്ല.

ഈ അവസരം മുതലാക്കി ധനേഷ് 2023 മുതൽ വാഴക്കുലകൾക്കിടയിൽവെച്ച് കേരളത്തിലേക്ക് എംഡിഎംഎ കടത്തിവരുന്നുണ്ട്. മൈസൂരുവിലെ നഞ്ചൻകോടിൽ നിന്നാണ് എംഡിഎംഎ കൊച്ചിയിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. നഞ്ചൻകോടിൽ ആറേക്കർ വാഴത്തോട്ടമാണ് ഇയാൾക്കുള്ളത്.

എംഡിഎംഎ കടത്തുന്നതിനായി പലപ്പോഴും കേരളത്തിൽ നിന്നും കുറച്ചുപേരെ നഞ്ചൻകോടിൽ കൊണ്ടുവന്നിരുന്നു. 2023-ൽ ധനേഷിന് ലഭിച്ച സംസ്ഥാനത്തെ മികച്ച യുവകർഷകനുള്ള പുരസ്‌കാരം റദ്ദാക്കാനുള്ള ശ്രമവും ആരംഭിച്ചു. പോലീസിന്റെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻതന്നെ പുരസ്‌കാരം റദ്ദ് ചെയ്‌തേക്കും. വാഴക്കുലകൾ കർശനമായ പരിശോധന നടത്താത്തതിനാൽ അമിത ആത്മവിശ്വാസത്തിലാണ് ഇയാൾ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയിരുന്നത്.

മികച്ച കർഷകനെന്ന് പേരെടുത്തതും ഇയാൾക്ക് ഗുണകരമായി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാൾ അറസ്റ്റിൽ ആയതോടെ ഒളിവിൽ പോയ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പണം കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരുകയാണ്.

ധനേഷിനെ അന്ന് മന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചു

ഹരിപ്പാട്: വാഴക്കുലകളിൽ രാസലഹരി ഒളിപ്പിച്ചു കടത്തിയതിനു പിടിയിലായ വീയപുരം പറയിൽ ധനേഷ് എസ്. നായർ തണ്ണിമത്തൻ കൃഷിയിലൂടെ ഹരിപ്പാട്ട് നല്ല കർഷകനായി പേരെടുത്ത യുവാവാണ്. 2023-ൽ നഗരസഭയിലെ മൂന്നാം വാർഡിൽ തൃപ്പക്കുടം ക്ഷേത്രത്തിനു സമീപം ഒന്നരയേക്കറോളം പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്നു.

ഹൈബ്രിഡ് തണ്ണിമത്തനായിരുന്നു പ്രധാനം. വാഴയും പയറും ഇടവിളയായുണ്ടായിരുന്നു. ഹരിപ്പാട് മേഖലയിൽ തണ്ണിമത്തൻ കൃഷി പതിവില്ലാത്തതാണ്. എന്നിട്ടും, നല്ല വിളവുണ്ടാക്കിയതിനാൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ധനേഷിന്റെ കൃഷിയിടം താത്പര്യത്തോടെയാണ് നോക്കിയത്.

കൃഷി പ്രോത്സാഹിപ്പിക്കാൻ അന്നത്തെ കൃഷിമന്ത്രി പി. പ്രസാദ് തുടങ്ങിയ കൃഷിദർശൻ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം 2023 ഏപ്രിൽ 25-ന് ഹരിപ്പാട്ടായിരുന്നു. ഉദ്ഘാടനത്തിനു പിന്നാലെ മികച്ച കർഷകരെ കൃഷിയിടത്തിലെത്തി ആദരിക്കുന്ന പരിപാടിയുണ്ടായിരുന്നു.

അതനുസരിച്ച് മന്ത്രി പി. പ്രസാദും രമേശ് ചെന്നിത്തല എം.എൽ.എ.യും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ധനേഷിന്റെ കൃഷിയിടത്തിലെത്തി. തണ്ണിമത്തൻ നൽകിയാണ് ധനേഷ് അന്ന് മന്ത്രിയെയും ഒപ്പമുണ്ടായിരുന്നവരെയും സ്വീകരിച്ചത്. കൃഷിയിടത്തിൽ യോഗം ചേർന്നാണ് ധനേഷിനെ ആദരിച്ചത്.

ഒരുമണിക്കൂറോളം അവിടെ ചെലവഴിച്ച മന്ത്രിയും ഉദ്യോഗസ്ഥരും ധനേഷിന്റെ കൃഷിരീതികൾ വിശദമായി ചോദിച്ചറിഞ്ഞു. വീഡിയോ ചിത്രീകരണവും നടത്തി. കൃഷിദർശനുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലിലെ ഒരു എപ്പിസോഡ് ധനേഷിന്റെ തണ്ണിമത്തൻ കൃഷിയുടെ വിശേഷങ്ങളായിരുന്നു.

കൃഷിദർശൻ വേദിയിൽ ധനേഷിനെ ആദരിക്കുകയും ചെയ്തു. കൃഷിവകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, വിദ്യാർഥികൾ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിക്കൊപ്പം അന്ന് കൃഷിയിട സന്ദർശനം നടത്തിയത്. കൃഷിവകുപ്പ് കിസാൻ കൃഷിദീപം പരിപാടിയിലൂടെ ധനേഷിന്റെ ഹൈടെക്ക് കൃഷിയെപ്പറ്റി പ്രത്യേക എപ്പിസോഡും പുറത്തിറക്കിയിരുന്നു.

ധനേഷ് നാട്ടിൽ ഒരു സീസണിൽ മാത്രമാണ് വിപുലമായി കൃഷിചെയ്തിരുന്നതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പാട്ടത്തിനു ഭൂമികിട്ടാത്തതിനാൽ കേരളം വിടുകയാണെന്ന് ഇയാൾ പറഞ്ഞിരുന്നു. അങ്ങനെയാണ് തട്ടകം കർണാടകയിലേക്കു മാറ്റിയതെന്നതായിരുന്നു വിശദീകരണം.

അവിടെ കൃഷിചെയ്ത ഏത്തവാഴക്കുലയും ഇഞ്ചിയും നാട്ടിലെത്തിച്ചു വിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഹരിപ്പാട്ടെ ചില കച്ചവടക്കാരെ ഫോണിൽ വിളിച്ച് ഏത്തക്കുലയും ഇഞ്ചിയും മൊത്തമായി കൊടുക്കാമെന്നു പറഞ്ഞിരുന്നെങ്കിലും ആരും താത്പര്യം കാട്ടിയില്ല.

കർഷകനെതിരേ റിപ്പോർട്ട് കിട്ടിയശേഷം നടപടി - മന്ത്രി സിദ്ദിഖ്

തൃശ്ശൂർ: വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് രാസലഹരി കടത്തുന്നതിനിടെ പിടിയിലായ യുവ കർഷകനിൽനിന്ന് പുരസ്‌കാരം തിരികെ വാങ്ങുന്നതടക്കമുള്ള നടപടികൾ റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് മന്ത്രി ടി. സിദ്ദിഖ്. 2023-ൽ കൃഷിദർശൻ പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് നഗരസഭയുടെ ആദരം ഏറ്റുവാങ്ങിയ ധനേഷ് എന്ന ഡാനിയാണ് കഴിഞ്ഞ ദംവസം അങ്കമാലിയിൽ മയക്കുമരുന്നുമായി പിടിയിലായത്.

കാര്യങ്ങൾ പരിശോധിക്കാൻ നിർദേശിച്ചതായും പുരസ്‌കാര നിർണയത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയുമായാണ് ധനേഷിനെ പിടികൂടിയത്.

Content Highlights: Police have linked the MDMA smuggling case in Kerala, involving concealment in banana bunches, to a Nigerian gang in Bengaluru, with the main smuggler, Dhanesh S. Nair, receiving drugs through Nigerian contacts. Dhanesh, previously awarded for his agricultural achievements, used banana bunches to smuggle MDMA from Mysuru to Kochi since 2023, exploiting the lack of thorough inspections for agricultural products. Following his arrest, efforts are underway to revoke his agricultural award, and police are investigating his associates and financial transactions to uncover the broader smuggling network.