പ്രതികൾക്ക് പിന്നാലെ 550 കിലോമീറ്റർ, ഒടുവിൽ ഉത്തരാഖണ്ഡിൽ പിടിവീണു; 'ഡൽഹി സ്ക്വാഡി'ന്റെ വിജയഗാഥ

ന്യൂഡൽഹി: കടയിലുണ്ടായ വാക്തർക്കത്തെത്തുടർന്ന് 16-കാരനെ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിൽ പ്രതികളെ 550 കിലോമീറ്ററോളം പിന്തുടർന്ന് അറസ്റ്റുചെയ്തു. ഡൽഹിയിലെ ലാൽബാഗിനടുത്ത് ഓഗസ്റ്റ് 12-നാണ് ക്രൂരമായ കൊലപാതകമുണ്ടായത്. സംഭവശേഷം വിവിധയിടങ്ങളിൽ മാറിമാറി ഒളിവിൽക്കഴിഞ്ഞ പ്രതികളെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ആസാദ്പുർ ലാൽബാഗ് സ്വദേശികളായ അമാൻ മുല്ല (26), അനുജ് മോണി (20) എന്നിവരാണ് അറസ്റ്റിലായത്. വാടകയ്ക്കെടുത്ത കാറിൽ സഞ്ചരിക്കുന്നതിനിടെ ഛപ്പാർ ടോൾ പ്ലാസയ്ക്കുസമീപത്തുനിന്നാണ് ഇവർ പിടിയിലായത്. ജഹാംഗീർപുരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മറ്റൊരു കൊലപാതകക്കേസിലും അനുജ് പ്രതിയാണ്. ഇവർ സഞ്ചരിച്ച കാറും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 12-ന് ആസാദ്പുരിലെ ലാൽബാഗ് ചേരിപ്രദേശത്താണ് നീരജ് കൊല്ലപ്പെട്ടത്. രാത്രി 11.30-ഓടെ നീരജും സുഹൃത്തും വീടിനടുത്തെ കടയിൽ പോയപ്പോഴാണ് വാക്തർക്കമുണ്ടായത്. കൊലയ്ക്കുശേഷം ഡൽഹിവിട്ട പ്രതികൾ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തി. അമാനെതിരേ ആറു ക്രിമിനൽക്കേസുകളും രണ്ടാം പ്രതിയായ ജഹാംഗീർപുരി സ്വദേശി അനുജിനെതിരേ 15 ക്രിമിനൽക്കേസുകളും നിലവിലുണ്ട്.
Content Highlights: Delhi Police successfully tracked two history-sheeters—Aman Mulla and Anuj Moni—for over 550 km to Uttarakhand, arresting them near Chhapar toll plaza for brutally murdering a 16-year-old boy named Neeraj in Azadpur Lalbagh following a dispute at a local store.