വീട്ടുപടിക്കലെ ബഹളം ചോദ്യംചെയ്ത മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റു മരിച്ചു; എട്ടുപേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തി വിഭാഗത്തിൽപ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് മർദ്ദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കിലോകാരി ഗ്രാമത്തിലായിരുന്നു സംഭവം.
അക്രമവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും അടങ്ങുന്ന ഏഴ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലർച്ചെ വിക്രം സിങ്ങിന്റെ വീടിന് പുറത്ത് ഒരുകൂട്ടം ആളുകൾ ബഹളംവെയ്ക്കുകയും ശല്യമുണ്ടാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതിനാണ് പ്രതികൾ ഇദ്ദേഹത്തെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിലൂടെ അക്രമത്തിൽ പങ്കെടുത്തവരുടെ കൃത്യമായ വിവരങ്ങളും പങ്കും കണ്ടെത്താനാകുമെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, വിക്രം സിങ്ങിനെ നാട്ടുകാർ ചേർന്ന് മർദ്ദിച്ചുകൊല്ലുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധു ആരോപിച്ചു. വർഷങ്ങളായി കിലോകരി ഗ്രാമത്തിൽ താമസിക്കുന്നയാളാണ് മണിപ്പുർ സ്വദേശിയായ വിക്രം സിങ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നേരിടുന്ന വംശീയ അധിക്ഷേപങ്ങളിൽ അവർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
വിക്രം സിങ്ങിന്റെ മരണത്തിൽ മണിപ്പൂർ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് അനുശോചനം രേഖപ്പെടുത്തി. സംഗീത മേഖലയ്ക്കും മണിപ്പൂരിന്റെ സാംസ്കാരിക ജീവിതത്തിനും അദ്ദേഹം നൽകിയ വലിയ സംഭാവനകൾ എക്കാലവും ആദരവോടെ സ്മരിക്കപ്പെടുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. മുൻ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും വിക്രം സിങ്ങിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.