ദാവൂദ് ഇബ്രാഹിമിൽ നിന്ന് ലോറൻസ് ബിഷ്ണോയിയിലേക്ക്: മുംബൈ വീണ്ടും അധോലോക ഭീതിയുടെ നിഴലിൽ

#ന്യൂസ് ഡെസ്ക്
ലോറൻസ് ബിഷ്‌ണോയ് | ഫോട്ടോ: എ.എൻ.ഐ
ലോറൻസ് ബിഷ്‌ണോയ് | ഫോട്ടോ: എ.എൻ.ഐ

മുംബൈ: മുംബൈ നഗരത്തെ ഭീതിയിലാഴ്ത്തിയ പഴയ അധോലോക കാലഘട്ടം പതിയെ പതിയെ ബോളിവുഡ് സിനിമകളിലും കുറ്റകൃത്യ നോവലുകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഒന്നായി മാറിയിരുന്നെങ്കിലും സമീപകാല സംഭവങ്ങൾ ആ ഭയത്തെ വീണ്ടും തെരുവുകളിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ്. പ്രശസ്ത ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് മുംബൈ തെരുവിൽ നടന്ന വെടിവെയ്പ്പും, മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും 1990-കളിലെ അധോലോക ഭീതി വീണ്ടും മുംബൈയിൽ തിരിച്ചെത്തുന്നുവോ എന്ന വലിയ ആശങ്കയുയർത്തുന്നു.

ലോറൻസ് ബിഷ്ണോയ് സംഘം മുംബൈയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് പോലീസ് വിലയിരുത്തൽ. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പണ്ട് ദാവൂദ് ഇബ്രാഹിമും മറ്റ് അധോലോക നായകന്മാരും ഭരിച്ചിരുന്ന മുംബൈ നഗരത്തിൽ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുക എന്ന വലിയ ലക്ഷ്യമാണ് ബിഷ്ണോയ് സംഘത്തിനുള്ളതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡി-കമ്പനിയേക്കാൾ വലിയ അന്താരാഷ്ട്ര ശൃംഖല കെട്ടിപ്പടുക്കാനും ഇന്ത്യയ്ക്ക് പുറത്തേക്ക് തങ്ങളുടെ ക്രിമിനൽ സ്വാധീനം വ്യാപിപ്പിക്കാനുമാണ് ലോറൻസ് ബിഷ്ണോയ് പദ്ധതിയിടുന്നത്. എതിരാളികളായ ഗ്യാംഗുകളൊന്നും ഇല്ലാതിരിക്കെ, ലോറൻസിന് തന്റെ വേരുകൾ ഉറപ്പിക്കുന്നത് എളുപ്പമായേക്കാം.

മുംബൈ, അധോലോകത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന കാലം... 1990-കളിലെ മുംബൈയെ മറ്റൊരു തരത്തിലും വിശേഷിപ്പിക്കാൻ കഴിയില്ല. 1990-കളുടെ തുടക്കത്തിൽ തന്നെ ദാവൂദ് ഇബ്രാഹിം പ്രധാന അധോലോക ഡോൺ ആയി മാറിക്കഴിഞ്ഞിരുന്നു. ഗാങ് വാറുകളും പൊലീസ് ഏറ്റുമുട്ടലുകളും പതിവായിരുന്ന കാലം. വർഷത്തിൽ ശരാശരി 100 മുതൽ 125 പേർ വരെ കൊല്ലപ്പെടുന്നുണ്ടെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. ബോളിവുഡിലും ബിൽഡർമാർക്കിടയിലും ബാർ ഉടമകൾക്കിടയിലും ചെറുതും വലുതുമായ വ്യവസായികൾക്കിടയിലും കപ്പം പിരിക്കൽ സാധാരണമായിരുന്നു.

എല്ലാ ഭാഗത്തുനിന്നും സമ്മർദ്ദം നേരിട്ടതോടെ ഒടുവിൽ മുംബൈ പോലീസ് നഗരത്തിൽ നിന്ന് അധോലോകത്തെ തുടച്ചുനീക്കാൻ തീരുമാനിച്ചു. പോലീസ് വെടിവെയ്പ്പിൽ 500-ലധികം ഗ്യാങ്സ്റ്ററുകൾ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഗ്യാങ്സ്റ്ററുകൾ അഴിക്കുള്ളിലായി. സഹസ്രാബ്ദത്തിന്റെ പിറവിയോടെ മുംബൈ അധോലോകത്തിന്റെ പിടിയിൽ നിന്ന് പതുക്കെ മോചിതമായിത്തുടങ്ങി.

ദാവൂദിന്റെ സംഘമെന്ന് അറിയപ്പെടുന്ന ഡി-കമ്പനി മുംബൈയിൽ നടത്തിയ അവസാന വെടിവെയ്പ്പ് 2002 നവംബറിലായിരുന്നു. അരുൺ ഗാവ്ലിയുടെ സംഘം നഗരത്തിൽ അവസാനമായി കൊലപാതകം നടത്തിയത് 2008-ലാണ്. ഛോട്ടാ രാജന്റെ സംഘം നടത്തിയ അവസാന കൊലപാതകം 2011-ലെ ക്രൈം ജേണലിസ്റ്റ് ജെ ഡേയുടെ കൊലപാതകമായിരുന്നു. ഗ്യാങ്സ്റ്റർ അശ്വിൻ നെയ്ക് അധോലോകം വിട്ട് ഒരു ബിൽഡറായി മാറി. 2002-ൽ പോർച്ചുഗലിൽ അറസ്റ്റിലായതിനെ തുടർന്ന് അബു സാലമിന്റെ സംഘം തകർന്നുപോയി.

ബാലിയിൽ അറസ്റ്റിലായി ഇന്ത്യയിലെത്തിക്കപ്പെട്ട ഛോട്ടാ രാജൻ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. അബു സലാമും അരുൺ ഗാവ്ലിയും വ്യത്യസ്ത കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നുണ്ട്. ബണ്ടി പാണ്ഡെ, രവി പൂജാരി തുടങ്ങിയ ഗ്യാങ്സ്റ്ററുകളും ജയിലിലാണ്. മുംബൈയെ സംബന്ധിച്ചിടത്തോളം അധോലോകം ഒരു അകന്ന ഓർമ്മയായി മാറിയിരുന്നു. എന്നാൽ പഴയ അധോലോകം ബാക്കിവെച്ച ഇടം പിടിച്ചെടുക്കാനാണോ ലോറൻസ് ബിഷ്ണോയിയുടെ സംഘം ശ്രമിക്കുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

ബാബ സിദ്ദിഖിയുടെ കൊലപാതകം നടൻ സൽമാൻ ഖാനെ ഭയപ്പെടുത്താൻ വേണ്ടിയായിരുന്നില്ല. ദാവൂദും മറ്റ് ഡോണുകളും ഒരു കാലത്ത് അടക്കിഭരിച്ചിരുന്ന മുംബൈ അധോലോകത്തേക്ക് പ്രവേശിക്കാനും നഗരത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുമുള്ള വലിയൊരു ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഈ കൊലപാതകമെന്നാണ് പോലീസ് വൃത്തങ്ങളടക്കം സംശയിക്കുന്നത്.