രേണുക സ്വാമി വധം: കന്നഡ നടൻ ദർശന് ജാമ്യം നൽകിയതിൽ സുപ്രീം കോടതിക്ക് അതൃപ്തി

നടൻ ദർശൻ | ഫോട്ടോ: എ.എൻ.ഐ
നടൻ ദർശൻ | ഫോട്ടോ: എ.എൻ.ഐ

ന്യൂഡൽഹി: രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയിൽ ഒട്ടും തൃപ്തരല്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ദർശനും മറ്റ് പ്രതികൾക്കും ഹൈക്കോടതി 2024 ഡിസംബർ 13-ന് നൽകിയ ജാമ്യം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

'ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയിൽ ഞങ്ങൾക്ക് തൃപ്തിയില്ല. ഞങ്ങൾ ഇത് സത്യസന്ധമായി പറയുകയാണ്. നിങ്ങളുടെ കക്ഷി ജാമ്യത്തിലായതുകൊണ്ട് ഞങ്ങൾ നിങ്ങളെ കേൾക്കും. എന്നാൽ, ഹൈക്കോടതി ഉത്തരവിട്ട രീതി നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ.' ദർശനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ബെഞ്ച് പറഞ്ഞു.

നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച ആരാധകനായ രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസിൽ ദർശനും പവിത്രയും അടക്കം മറ്റ് പലരും പ്രതികളാണ്.

2024 ജൂണിൽ രേണുക സ്വാമിയെ ബെംഗളൂരുവിലെ ഒരു ഷെഡ്ഡിൽ മൂന്ന് ദിവസം തടഞ്ഞുവെച്ച് ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം ഒരു അഴുക്കുചാലിൽനിന്ന് കണ്ടെത്തി

Content Highlights: Renuka swamy murder case; Supreme Court raps Karnataka High Court for bail to Darshan Thoogudeepa