പ്രാവിനെ വാങ്ങാനെത്തി, കാറിൽവെച്ച് കൊന്ന് കുഴിച്ചുമൂടി; വൻ ആസൂത്രണം പൊളിച്ച അന്വേഷണമികവ്

2018 ഓഗസ്റ്റ് 15-ന് വൈകിട്ട് 3.30. വീട്ടിൽ പ്രാവുകളെ വളർത്തിവിറ്റിരുന്ന പേരൂർ കൊറ്റങ്കര അയ്യരുമുക്കിന് സമീപം പ്രോമിസ് ലാൻഡിൽ രഞ്ജിത് ജോൺസന്റെ വീട്ടിൽ പ്രാവുകളെ വാങ്ങാൻ മൂന്നുപേർ എത്തുന്നു. ഇവർക്കൊപ്പം വീടിന് പുറത്തിറങ്ങി, റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറിയ രഞ്ജിത്തിനെ പിന്നീട് കാണാതായി.
കിളികൊല്ലൂർ സ്‌റ്റേഷനിൽ രഞ്ജിത്തിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. പ്രാവുകളെ വാങ്ങാൻ കോയമ്പത്തൂരിലേക്കും മറ്റും ഇടയ്ക്കിടെ ഇയാൾ പോയിരുന്നു. മറ്റ് സംശയങ്ങളൊന്നും ബന്ധുക്കൾക്കുമുണ്ടായിരുന്നില്ല.
തുടരന്വേഷണത്തിൽ രഞ്ജിത്തിനെ കാറിൽ കൂട്ടിക്കൊണ്ടുപോയ മയ്യനാട് കൈതപ്പുഴ സ്വദേശി ഉണ്ണി, കൊല്ലം ഡീസന്റ്മുക്ക് സ്വദേശി വിഷ്ണു, വടക്കേവിള സ്വദേശി റിയാസ് എന്നിവരെ പോലീസ് പിടികൂടി. ഇവർ പ്രധാന പ്രതിയായ മനോജ്, പ്രണവ്, രഞ്ജിത്ത് എന്നിവർക്കൊപ്പംചേർന്ന് രഞ്ജിത് ജോൺസണെ ചാത്തന്നൂർ പോളച്ചിറ ഏലായിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി തിരുവനന്തപുരം-നാഗർകോവിൽ- വഴി സമത്വപുരത്തെ പാറമടയിലെത്തിച്ച് കുഴിച്ചുമൂടി.
അഴുകിയ മൃതദേഹത്തിലെ പച്ചകുത്തിയ പാടാണ് രഞ്ജിത്തിനെ തിരിച്ചറിയാൻ സഹായകമായത്. അന്ന് കിളികൊല്ലൂർ എസ്.ഐ.യും ഇപ്പോൾ പരവൂർ സി.ഐ.യുമായ വി.അനിൽകുമാർ കേസന്വേഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ പങ്കിടുന്നു.
കൊലയാളികളുടെ 'ആസൂത്രണമികവ്' പൊളിച്ച അന്വേഷണം
രഞ്ജിത്തിന് ശത്രുക്കളാരുമില്ലായിരുന്നു. പ്രളയകാലമായതിനാൽ അയാൾ എവിടെയെങ്കിലും പെട്ടുപോയതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ് ആദ്യമെത്തിയത്. അതിനാൽ ദുരിതാശ്വാസക്യാമ്പുകളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ രഞ്ജിത്ത് ജോൺസന്റെ ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ക്രിമിനൽ പശ്ചാത്തലമുള്ള, ഇരുപത്തിയൊന്നുകാരനായ വിഷ്ണുവിലേക്ക് അന്വേഷണം എത്തിയത്. വിഷ്ണുവാണ് രഞ്ജിത്തിനെ അവസാനമായി വിളിച്ചത്. ഇയാളുടെ ഫോണിൽനിന്ന് സ്ഥിരം കുറ്റവാളിയായ രഞ്ജിത്ത് എന്ന കാട്ടുണ്ണിയെ വിളിച്ചിരുന്നതായും കണ്ടെത്തി.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ മയ്യനാട് സ്വദേശി കൈതപ്പുഴ ഉണ്ണിയെയും ചാമ്പക്കുളം സ്വദേശി വിനീഷിനെയും ചോദ്യംചെയ്തിരുന്നു. രഞ്ജിത് ജോൺസണെ തട്ടിക്കൊണ്ടുപോകാൻ ഇവരാണ് സഹായിച്ചത്. ചോദ്യംചെയ്യലിനിടയിൽ മൃതദേഹം ഇത്തിക്കരയാറ്റിൽ ഉപേക്ഷിച്ചുവെന്നതുൾപ്പെടെ മൊഴിനൽകി പോലീസിനെ വഴിതെറ്റിക്കാനും ഇവർ ശ്രമിച്ചു.
കേസിലെ ഒന്നാംപ്രതിയായ മനോജ്, രണ്ടാംപ്രതിയായ രഞ്ജിത്തിന്റെ പേരിലും രഞ്ജിത് ഭാര്യയുടെ പേരിലും സിംകാർഡുകൾ സംഘടിപ്പിച്ചശേഷമാണ് കൊലപാതകം ആസൂത്രണംചെയ്തത്. പ്രതിയായ വിഷ്ണു മാത്രമാണ് സ്വന്തംപേരിലുള്ള സിംകാർഡ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അയ്യായിരത്തോളം ഫോൺകോളുകൾ പരിശോധിക്കേണ്ടിവന്നു.
പ്രാവ് വാങ്ങാനെന്ന വ്യാജേന വിഷ്ണു രഞ്ജിത് ജോൺസണുമായി അടുപ്പമുണ്ടാക്കി. വീട്ടിലെ സ്ഥിരം സന്ദർശകനുമായി. സംഭവദിവസം രഞ്ജിത് ജോൺസണെ മദ്യപിക്കാൻ ക്ഷണിച്ചാണ് കാറിൽ കയറ്റിയത്. യാത്രയ്ക്കിടെ രഞ്ജിത് കാറിൽ കയറി. ബോക്്‌സറായ രഞ്ജിത് ജോൺസൺ രക്ഷപ്പെടാനായി കാറിന്റെ ഗ്‌ളാസ് തകർക്കുകയും ചെയ്തു. ഇതോടെ പ്രതികൾ കൈലിമുണ്ട് കൊണ്ട് കൈയും വായും ബന്ധിച്ചു. പോളച്ചിറയിൽവച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം കാറിൽ കയറ്റി നെടുങ്ങോലത്ത് എത്തിച്ച് മറ്റൊരു കാറിൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വിനയായത് പ്രതിയുടെ ഭാര്യയുമായുള്ള അടുപ്പം
മയക്കുമരുന്നിന് അടിമയായ പാമ്പ് മനോജ് എന്ന ബെനാൻസിന്റെ ഭാര്യയും രഞ്ജിത്തുമായി അടുപ്പത്തിലായിരുന്നു. മനോജിന്റെ ക്രൂരമർദ്ദനത്തിന് ഇരയായിരുന്നു ഭാര്യ. വീട്ടിൽനിന്ന് ഇറക്കിവിടപ്പെട്ടതോടെ അവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുഹൃത്തായ രഞ്ജിത് ഇവരെ രക്ഷിക്കുകയും പിന്നീട് രജിസ്റ്റർ വിവാഹം ചെയ്യുകയുംചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കണ്ടതും പ്രശ്‌നങ്ങളുണ്ടാക്കി.
പക തീർക്കാൻ വർഷങ്ങളായി മനോജ് നടത്തിയ ആസൂത്രണമാണ് കൊലപാതകത്തിലേക്ക് എത്തിയത്. രഞ്ജിത്തിന്റെ ഭാര്യയെ പോലീസ് ചോദ്യംചെയ്തതിൽനിന്ന് മനോജുമായുള്ള ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു.
എസ്.ഐ.ക്കും സാക്ഷികൾക്കും ഭീഷണി; 51 പേർ കരുതൽ തടങ്കലിൽ
കോടതിയിലും തെളിവെടുപ്പിനും ഹാജരാക്കുമ്പോഴെല്ലാം സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്താൻ മറ്റ് കുറ്റവാളികളെ ഏർപ്പാടാക്കിയിരുന്നു. ഇത് ഒഴിവാക്കാൻ വെസ്റ്റ് പോലീസ് 51 പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. എസ്.ഐ. വി.അനിൽകുമാറിന് രണ്ടുവർഷത്തോളം ഗൺമാനെയും അനുവദിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ പ്രശംസ
കൊല്ലം സെഷൻസ് കോടതി പ്രതികൾക്കെല്ലാം കഠിനശിക്ഷതന്നെ ഉറപ്പാക്കി. 25 വർഷത്തേക്ക് പരോൾപോലും നൽകരുതെന്നും വിധിന്യായത്തിലുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ വി. അനിൽകുമാറിനെ കോടതി പ്രശംസിക്കുകയുംചെയ്തു. 2025-ൽ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. വാദങ്ങൾക്കൊടുവിൽ കോടതി അപ്പീൽ തള്ളി. സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രതികളിപ്പോൾ സംസ്ഥാനത്തെ വിവിധ ജയിലുകളിലാണ്.
Content Highlights: Ranjith Johnson was lured under the guise of buying pigeons on August 15, 2018., The murder was meticulously planned by Manoj due to a personal grudge involving his wife., Police scrutinized around 5,000 phone calls to crack the complex criminal conspiracy., The Kollam Sessions Court sentenced the accused to rigorous imprisonment, denying parole for 25 years, upheld by the High Court.