വായ്ക്കകത്ത് രണ്ട് ക്യാപ്സ്യൂളുകൾ; 82 ഗ്രാം സ്വർണവുമായെത്തിയ യുവാവ് ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ

#ന്യൂസ് ഡെസ്ക്
സിറാജ്, പിടികൂടിയ സ്വർണം
സിറാജ്, പിടികൂടിയ സ്വർണം

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനിൽനിന്ന് വായയ്ക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ 82 ഗ്രാം സ്വർണം കണ്ടെത്തി. മുഹമ്മദ് സിറാജാണ് പിടിയിലായത്. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെ ഇൻഡിഗോ വിമാനത്തിലെത്തിയ ഇയാളെ സിഐഎസ്എഫ്. പിടികൂടുകയായിരുന്നു. ഇവിടെനിന്ന് രാവിലെ ഇൻഡിഗോ വിമാനത്തിൽ ഗാസിയാബാദിലേക്ക് പോകാനായിരുന്നു ഇയാളുടെ നീക്കം.

ടെർമിനൽ 1-ലെ സുരക്ഷാ പരിശോധനയ്ക്കിടെ സിറാജിന്റെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. പരിശോധന നടത്തിയ സബ് ഇൻസ്‌പെക്ടർ ദീപക് കുമാർ ശർമ സംശയം പ്രകടിപ്പിച്ചതോടെ നടത്തിയ വിശദ പരിശോധനയിലാണ് രണ്ട് ക്യാപ്‌സ്യൂളുകളാക്കി സൂക്ഷിച്ചനിലയിൽ 82 ഗ്രാം സ്വർണം കണ്ടെത്തിയത്. ബോഡി സ്‌കാനർ പരിശോധനയിൽ കണ്ടെത്താൻ കഴിയില്ലെന്ന ധാരണയിലാണ് ഇയാൾ സ്വർണം വായയ്ക്കുള്ളിൽ ഒളിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരനെ കൂടുതൽ നിയമനടപടികൾക്കായി എയർപോർട്ട് പോലീസിന് കൈമാറി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കെംപെഗൗഡ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. നടത്തുന്ന രണ്ടാമത്തെ സമാനമായ വേട്ടയാണിത്. ഡി.ഐ.ജി. മഞ്ജുനാഥ് എച്ചിന്റെ നേതൃത്വത്തിലുള്ള സംഘം ഓഗസ്റ്റ് 20-ന് ബാങ്കോക്കിൽനിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്ന് 260 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ട്രൗസറിനുള്ളിൽ പൊടിരൂപത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഇരുവരേയും സംശയാസ്പദമായ പെരുമാറ്റത്തെത്തുടർന്നാണ് പിടികൂടിയത്.

Content Highlights: CISF personnel at KIA Bengaluru detected 82 grams of yellow-metal capsules concealed in a passenger's mouth., The passenger, Mohd Siraj, arrived from Dubai and was heading to Ghaziabad., The suspect was caught during pre-embarkation security checks at Terminal 1.