ബസില്‍ മുളകുപൊടി സ്‌പ്രേ ചെയ്ത് യുവാവിന്റെ പരാക്രമം; വിദ്യാര്‍ഥിനികള്‍ക്കടക്കം പരിക്ക്

പട്ടിക്കാട്: സ്വകാര്യ ബസിനുള്ളില്‍ മുളകുപൊടി സ്‌പ്രേ ചെയ്ത് യുവാവിന്റെ പരാക്രമം. കണ്ടക്ടര്‍, ഡ്രൈവര്‍, അഞ്ച് വിദ്യാര്‍ഥിനികള്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബസ് ജീവനക്കാരുടെയും രണ്ട് വിദ്യാര്‍ഥിനികളുടെയും കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. അക്രമം നടത്തിയ എടത്തനാട്ടുകര സ്വദേശിയായ ഹാരിസ് ഇദ്‌നു മുബാറകിനെ (20) പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ കാര്യാവട്ടം-അലനല്ലൂര്‍ പാതയില്‍ പച്ചീരിപ്പാറയിലാണ് സംഭവം. ബസിലെ യാത്രക്കാരനായിരുന്ന യുവാവും ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും ഇതേത്തുടര്‍ന്ന് മുളകുപൊടിപ്രയോഗം നടത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആളുകള്‍ പിടികൂടിയതോടെ ൈകയിലുണ്ടായിരുന്ന കുപ്പി യുവാവ് സമീപത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
സംഭവസമയം ഇതിലൂടെ കടന്നുപോകുകയായിരുന്ന വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലാണ് പരിക്കേറ്റ ബസ് ജീവനക്കാരെ ആശുപത്രിയിലെത്തിച്ചത്. ജീവനക്കാരായ മങ്കട വെള്ളില സ്വദേശി ഗഫൂര്‍, മഞ്ചേരി സ്വദേശി അന്‍വര്‍ എന്നിവര്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും വിദ്യാര്‍ഥിനികളായ അമൃത, ഗംഗ എന്നിവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
മേലാറ്റൂര്‍ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസെത്തിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സ്പ്രേകുപ്പിയും പോലീസ് കണ്ടെടുത്തു.
Content Highlights: chilly powder sprayed in bus students and bus employees injured in pattikkad