ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതി ഋതു ജയന് ജാമ്യം; എറണാകുളം ജില്ലയിൽ പ്രവേശിക്കരുത്

#News Desk
പ്രതി ഋതു ജയന്‍
പ്രതി ഋതു ജയന്‍

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. അറസ്റ്റ് ചെയ്യാനുള്ള കാരണം പ്രതിയെ അറിയിക്കണമെന്ന നിയമം പോലീസ് പാലിച്ചില്ലെന്ന് കേസ് ഡയറിയിൽനിന്ന് വ്യക്തമായ സാഹചര്യത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പ്രതിയുടെ ജാമ്യാപേക്ഷ അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷത്തിനുശേഷമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.

കഴിഞ്ഞവർഷം ജനുവരി 16-നാണ് എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അയൽവാസിയായ ഋതു കൊലപ്പെടുത്തിയത്. പെരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മാസങ്ങൾനീണ്ട ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. വേണുവും കുടുംബവും അപകീർത്തിപ്പെടുത്തിയതിനാലാണ് ആക്രമിച്ചതെന്നാണ് ഋതു മൊഴി നൽകിയത്. പ്രതി ജാമ്യത്തിലിറങ്ങിയാൽ തന്നെ വീണ്ടും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ കക്ഷിചേർന്ന ജിതിൻ വാദിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പ്രതി എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന് ഉത്തരവിട്ടത്. ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾജാമ്യവും നൽകണം.

Content Highlights: Chendamangalam murder case accused Ritu Jayan granted bail by Kerala High Court with strict conditions, including no entry into Ernakulam district. Read details.