വീട്ടുപ്രസവത്തിൽ നാല് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; 9 മാസത്തിന് ശേഷം മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധന

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം |ചിത്രം: മാതൃഭൂമി
പ്രതീകാത്മകചിത്രം |ചിത്രം: മാതൃഭൂമി

ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് മാതാവും നാലു ദിവസം പ്രായമുള്ള കുഞ്ഞും മരിച്ച സംഭവത്തിൽ മറവുചെയ്ത കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം ഒൻപതു മാസത്തിനുശേഷം പുറത്തെടുത്ത് പരിശോധനകൾ നടത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെ സബ്കളക്ടർ എഹ്തെദ മുഫസിറിന്റെ മേൽനോട്ടത്തിൽ പോലീസ്സർജൻ ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സയന്റിഫിക് സംഘമാണ് മൃതദേഹം മറവുചെയ്ത എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലെത്തി പരിശോധന നടത്തിയത്.

എടക്കഴിയൂർ ഹൈസ്‌കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹിമിന്റെയും പരേതയായ മുഹ്സിനയുടെയും നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹാവശിഷ്ടമാണ് പുറത്തെടുത്ത് പരിശോധിച്ചത്. ശേഖരിച്ച സാംപിളുകൾ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനക്കയച്ചു. പരിശോധനക്കുശേഷം മൃതദേഹാവാശിഷ്ടം അതേ സ്ഥാനത്ത് വീണ്ടും മറവുചെയ്തു. മതിയായ ചികിത്സ കിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്ന പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവർത്തകൻ പാലയ്ക്കൽ ഹംസത്ത് മുഹമ്മദിന്റെ പരാതിയിൽ തൃശ്ശൂർ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. ജനുവരി പത്തിനാണ് കുഞ്ഞ് മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികളൊന്നുമില്ലാതെയാണ് മൃതദേഹം അന്ന് മറവുചെയ്തത്. കുഞ്ഞിന്റെ മരണത്തിൽ പരാതി നിലനിൽക്കെ മാർച്ച് 19-ന് മാതാവ് മുഹ്സിന(37)യും മരിച്ചു.

മുഹ്സിനയുടെ മരണത്തിൽ ഭർത്താവും കുഞ്ഞിന്റെ പിതാവുമായ ഇബ്രാഹി(43)മിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യക്കാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്. സയന്റിഫിക് ഓഫീസർ ലക്ഷ്മി കെ. രാധാകൃഷ്ണൻ, വിരലടയാളവിദഗ്ധരായ കെ.പി.ബാലകൃഷ്ണൻ, കെ. മുഹമ്മദ് മുഹ്സിൻ, ചാവക്കാട് തഹസിൽദാർ കെ.ടി. ബാബു, പോലീസ് എസ്.എച്ച്.ഒ. പ്രീതാ ബാബു എന്നിവരും പരിശോധന സംഘത്തിലുണ്ടായി.

Content Highlights: Infant's remains exhumed from Edakkaziyur Juma Masjid graveyard after nine months., Exhumation conducted under the supervision of Sub-Collector Ehthesham Mufassir and forensic experts., Action taken following a complaint regarding lack of proper medical treatment during home birth., Mother Muhsina had also passed away in March following the incident, and her husband Ibrahim was arrested.