പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിലെത്തിയ ഭാര്യയെ പിന്തുടർന്നെത്തി; ഭർത്താവിൽനിന്ന് MDMA പിടികൂടി

#ന്യൂസ് ഡെസ്ക്
സനൽകുമാർ
സനൽകുമാർ

ചാത്തന്നൂർ: ഭർത്താവിന്റെ മർദനം സഹിക്കാൻ കഴിയാതെയാണ് ആറ്റിങ്ങൽ സ്വദേശിയായ യുവതി പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. യുവതിയെ പിന്തുടർന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ ഭർത്താവിന്റെ പക്കൽനിന്നും പോലീസ് പിടികൂടിയതാവട്ടെ എംഡിഎംഎയും. ആറ്റിങ്ങൽ കോരാണി കെ.കെ. ഭവനിൽ സനൽകുമാറി(51)ൽ നിന്നാണ് ചാത്തന്നൂർ പോലീസ് എംഡിഎംഎ പിടികൂടിയത്.

സ്റ്റേഷൻ വളപ്പിൽവെച്ച് ബൈക്കിൽനിന്നും താഴെവീണ സനൽകുമാറിനെ പരിശോധിച്ചപ്പോഴാണ് 1.1 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഭാര്യയുടെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സനൽകുമാർ ഭാര്യയെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ പിന്തുടർന്ന് സനൽകുമാർ പിന്നാലെ എത്തി. ഇയാൾ പിന്തുടർന്ന് വരുന്നത് കണ്ട യുവതി ഓട്ടോറിക്ഷയിൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തി. ഇവരെ പിന്തുടർന്ന് ബൈക്കിലെത്തവേയാണ് സനൽകുമാർ സ്റ്റേഷൻ വളപ്പിൽ വാഹനവുമായി മറിഞ്ഞു വീണത്.

സംശയം തോന്നി പോലീസ് തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് ഒൻപത് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തത്. എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മർദനമേറ്റ ഭാര്യയെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: A woman filed a police complaint against her husband for domestic violence, leading to his arrest. The husband, Sanalkumar, was found with 1.1 grams of MDMA at the police station after falling from his bike.