വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കാൻ പറഞ്ഞു; പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു

ചണ്ഡീഗഢ്: ചണ്ഡീഗഢ് പോലീസിലെ ഹെഡ് കോൺസ്റ്റബിളിനെ മകൻ വെടിവെച്ചു കൊന്നത് കാമുകിയെ വിവാഹംകഴിക്കാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതിന്. ചണ്ഡീഗഢ് പോലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന നിതിൻ സിങ് ആണ് വ്യാഴാഴ്ച മകൻ അർമാന്റെ വെടിയേറ്റ് മരിച്ചത്.
പിതാവിനെ വെടിെവച്ചതിനു പിന്നാലെ അർമാൻ അമ്മയുടെ കഴുത്തിനു ഞെരിച്ച് അപായപ്പെടുത്താനും ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ അർമാന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട അമ്മ വീടിന്റെ മട്ടുപ്പാവിലേക്ക് ഓടിക്കയറി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. കാമുകിയെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് അർമാൻ മാതാപിതാക്കളെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു. വിവാഹപ്രായമായ 21 വയസ്സ് തികഞ്ഞതിനുശേഷം മാത്രമേ വിവാഹംനടത്തൂ എന്ന് മാതാപിതാക്കൾ നിലപാടെടുത്തു. ഇതേച്ചൊല്ലി വ്യാഴാഴ്ച രാത്രിയും അർമാൻ മാതാപിതാക്കളുമായി തർക്കത്തിലേർപ്പെട്ടു. കാമുകിയെ ഉടനടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്ന അർമാന്റെ ആവശ്യം മാതാപിതാക്കൾ നിരസിച്ചതും വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കിയതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ സുദേഷ് കുമാർ പറഞ്ഞു.
ഈവർഷം ആദ്യം മണിമാജ്‌രയിൽെവച്ച് അർമാൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
Content Highlights: Chandigarh police head constable Nitin Singh shot dead by his son Arman., Motive was parents' refusal to let him marry his girlfriend before turning 21., Accused also tried to strangle his mother before she escaped and called neighbors., Arman was previously out on bail in a fatal hit-and-run accident case.