പണം വാങ്ങി, കല്യാണത്തിന് ഭക്ഷണം എത്തിച്ചില്ല; തട്ടിപ്പ് നടത്തിയ കാറ്ററിങ് ഉടമ പോലീസ് കസ്റ്റഡിയിൽ

#ന്യൂസ് ഡെസ്ക്
വിഷ്ണു മോഹൻ
വിഷ്ണു മോഹൻ

കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനംനൽകി പണം വാങ്ങിയശേഷം തട്ടിപ്പ് നടത്തിയ കേസിൽ കാറ്ററിങ് സ്ഥാപന ഉടമ പോലീസ് കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ്' ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് വിളിച്ചുവരുത്തിയ ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം ഭക്ഷണം നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ്, മുണ്ടക്കയം പോലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലുമായാണ് കേസുകൾ ഉള്ളത്.

സെപ്റ്റംബർ 13-ന് മുണ്ടക്കയം, കഞ്ഞക്കുഴി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവാഹങ്ങൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ പണം വാങ്ങിയത്. എന്നാൽ, ആവശ്യപ്പെട്ട സമയത്ത് ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന കാണിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ ബിഎൻഎസ് 316, 318 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.